തിരുവനന്തപുരം> സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതിയിൽ ഇതിനകം ആരംഭിച്ചത് 75000 സംരംഭങ്ങൾ തുടങ്ങിയെന്ന് മന്ത്രി പി രാജീവ്. 200 ദിവസംകൊണ്ടാണിത്. ഇതിലൂടെ 4694 കോടിയുടെ നിക്ഷേപവും 165301 തൊഴിലവസരവും ഉണ്ടായി. ഇതിൽ 25,000 സംരംഭങ്ങൾ വനിതകളുടെതാണ്. മലപ്പുറം, എറണാകുളം, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഏഴായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ അയിരത്തിലധികവും.
കൃഷി– ഭക്ഷ്യ സംസ്കരണ മേഖലയിൽ 12700 സംരംഭങ്ങളിലൂടെ 1450 കോടിയുടെ നിക്ഷേപമുണ്ടായി. 45705 പേർക്ക് ഈ യൂണിറ്റുകളിൽ തൊഴിൽ ലഭിച്ചു. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ 8849 സംരംഭങ്ങളും 421 കോടിയുടെ നിക്ഷേപവും 18764 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മേഖലയിൽ 3246 സംരംഭങ്ങളും 195 കോടിയുടെ നിക്ഷേപവും 6064 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
സേവന മേഖലയിൽ 5731 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 359 കോടിയുടെ നിക്ഷേപവും 13331 തൊഴിലും ഉണ്ടായി. വ്യാപാര മേഖലയിൽ 24687 സംരംഭങ്ങളും 1450 കോടിയുടെ നിക്ഷേപവും 45705 തൊഴിലും. 200 ദിവസംകൊണ്ട് 75000 സംരംഭം ആരംഭിക്കാനായത് കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.