തിരുവനന്തപുരം> തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51 അഗ്രിക്കൾച്ചറൽ എഞ്ചിനീയർമാരെ നിയമിക്കും. 31,460 രൂപ പ്രതിമാസ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. നീരുറവ് പദ്ധതിയുടെ ഭാഗമായു ഫീൽഡ് സർവേയ്ക്കായി മൂന്ന് ബ്ലോക്ക് പഞ്ചായത്തിന് ഒരു എഞ്ചിനീയർ എന്ന നിലയിലാണ് ഇവരെ വിന്യാസിക്കുക. അഗ്രിക്കൾച്ചറൽ എൻജിനീയറിങിൽ ബി ടെക് ആണ് അടിസ്ഥാന യോഗ്യത. തൊഴിലുറപ്പ് പദ്ധതിയുടെ മെച്ചപ്പെട്ട നടത്തിപ്പിനും സാങ്കേതിക മികവിനും നിയമനം സഹായകമാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
നീരുറവ് പദ്ധതിയിലൂടെ നിലവിൽ 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ജലാശയം സംരക്ഷിക്കാനുള്ള സമഗ്രപദ്ധതി തയ്യാറാക്കി നടപ്പാക്കുകയാണ്. അടുത്ത ഘട്ടത്തിൽ 941 പഞ്ചായത്തിലെയും ജലാശയങ്ങൾ വീണ്ടെടുക്കും. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ മുഴുവൻ ജലാശയങ്ങളുടെയും കൈവഴികളുടെയും വിശദമായ മാസ്റ്റർ പ്ലാൻ ഇതിനായി തയ്യാറാക്കണം.
ഓരോ പ്രദേശത്തിൻന്റെയും ഭൂമിശാസ്ത്രവും, ഭൂഗർഭജലവും, ഭൂവിനിയോഗക്രമവുമെല്ലാം പരിശോധിച്ചേ ഇത് തയ്യാറാക്കാനാകൂ. ജിഐഎസ് സംവിധാനമുൾപ്പെടെ ഉപയോഗിച്ചാകും പ്രവൃത്തി. ഈ പ്രക്രീയ ഫലപ്രദമാക്കാനാണ് സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരെ നിയോഗിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജലാശയ സംരക്ഷണത്തിനുള്ള ഡിപിആർ ഈ എഞ്ചിനീയർമാർ തയ്യാറാക്കും.