സിഡ്നി> ട്വന്റി 20 ലോകകപ്പ് നെതർലൻഡ്സിനെ 56 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ നെതർലൻഡ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ, രണ്ടു കളികളിൽനിന്ന് നാലു പോയിന്റുമായി ഇന്ത്യ രണ്ടാം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.
ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരുടെ അർധസെഞ്ചറികളാണ് നെതർലൻഡ്സിനു മുന്നിൽ 180 റൺസ് വിജയലക്ഷ്യമുയർത്താൻ ഇന്ത്യയ്ക്കായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി പിന്നിട്ട കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 44 പന്തിൽ 62 റൺസ്. ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 53 റൺസെടുത്തു പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 25 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. 12 റൺ എടുത്തു പുറത്തായ ഓപ്പണർ കെ എൽ രാഹുൽ ഒരിക്കൽക്കൂടി പരാജയപ്പെട്ടു. നെതർലൻഡ്സിനായി ഫ്രെഡ് ക്ലാസൻ, പോൾ വാൻ മീകരൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, അർഷ്ദീപ് സിങ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരുവിക്കറ്റെടുത്തു.