ലണ്ടൻ
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികൾ എടുക്കേണ്ടിവരുമെന്ന് ചൊവ്വാഴ്ച ചുമതലയേറ്റ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. സാമ്പത്തിക സ്ഥിരത ആർജിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും സുനക് വ്യക്തമാക്കി. രാജ്യത്തെ പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയപ്പോഴാണ് മുൻ ധനമന്ത്രികൂടിയായ ഋഷി സുനക് പ്രധാനമന്ത്രി പദത്തിൽ എത്തിയത്. നിലവിലെ സാമ്പത്തികപ്രശ്നങ്ങൾക്ക് ബോറിസ് ജോൺസൻ സർക്കാരിൽ ധനമന്ത്രിയായിരുന്ന സുനകും കാരണക്കാരനാണെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമായി ഉയർത്തുന്നതിനാൽ പാർലമെന്റിലെ ആദ്യദിനം സംഘർഷഭരിതമായി.
സ്യുയെല്ലെയ നിയമിച്ചതിൽ പ്രതിഷേധം
സർക്കാരിന്റെ രഹസ്യരേഖകൾ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായതായി ഏറ്റുപറഞ്ഞ് ഒരാഴ്ചമുമ്പ് രാജിവച്ച ഇന്ത്യൻ വംശജ സ്യുയെല്ല ബ്രേവർമാനെ ആഭ്യന്തര സെക്രട്ടറിയായി തിരികെ കൊണ്ടുവന്നതിൽ രാജ്യത്ത് വൻ പ്രതിഷേധം ഉയർന്നു. ഇവരെ മന്ത്രിയാക്കിയത് ക്യാബിനറ്റ് ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലിബറൽ ഡെമോക്രാറ്റുകൾ രംഗത്തെത്തി. ചട്ടലംഘനം നടത്തിയ വ്യക്തിയെ ആഭ്യന്തര സെക്രട്ടറിയായി തിരികെ എത്തിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിക്കുന്നു.















