ആർ രഞ്ജിത്
ലയണൽ മെസി പറഞ്ഞത് താരനിബിഡമായ ഫ്രാൻസിനെക്കുറിച്ചാണ്. കളിക്കാരുടെ മികവിനെപ്പറ്റിയാണ്. കോച്ച് ദിദിയർ ദെഷാംസിന്റെ തന്ത്രങ്ങളെക്കുറിച്ചാണ്. അർജന്റീനയല്ല, ബ്രസീലിനൊപ്പം ലോകകപ്പ് നേടാൻ സാധ്യതയിൽ മുന്നിൽ ഫ്രാൻസാണെന്ന് മെസി പ്രവചിക്കുന്നു. ലോക ഫുട്ബോളിലെ സ്വപ്നതുല്യമായ നിരയെയാണ് ലോകകിരീടം നിലനിർത്താൻ ഫ്രഞ്ചുകാർ അണിനിരത്തുന്നത്.
ബാലൻ ഡി ഓർ നേടിയ കരീം ബെൻസെമ, കിലിയൻ എംബാപേ, ഒളിവർ ജിറു, ഒൺടോയ്ൻ ഗ്രീസ്മാൻ, പോൾപോഗ്ബ, ഉസ്മാൻ ഡെംബലെ തുടങ്ങി ഗോളടിക്കാനും അടിപ്പിക്കാനും കഴിയുന്ന നിര. പ്രതിരോധിക്കാൻ ബെഞ്ചമിൻ പവാർഡും ലൂകാസ് ഹെർണാണ്ടസും ജൂലസ് കൗണ്ടയും. ബാറിനുകീഴിൽ വിശ്വസ്തനായ ഗോളിയും ക്യാപ്റ്റനുമായ ഹ്യൂഗോ ലോറിസ്. ആദ്യ പതിനൊന്നിൽ ആരെ കൊള്ളും ആരെ തള്ളും എന്ന ആശയക്കുഴപ്പത്തിലാകും കോച്ച് ദെഷാംപ്സ്.
താരസമ്പന്നമായ ടീമിന് പരിക്കാണ് പ്രശ്നം. മധ്യനിരയിൽ കളി മെനയാൻ എൻഗോളോ കാന്റയില്ല. ഡിഫൻസീവ് മിഡ്ഫീൽഡർ ബൗബാകർ കമാര പുറത്താണ്. പോഗ്ബയുടെ പരിക്ക് മാറിയിട്ടേയുള്ളു. പോഗ്ബ–-കാന്റെ കൂട്ടുകെട്ടാണ് 2018ൽ കിരീടമൊരുക്കിയത്. പതിനാറാംതവണയാണ് ലോകകപ്പിന് എത്തുന്നത്. 1998ലും 2018ലും കിരീടം. 2006ൽ റണ്ണറപ്പ്. 1958ലും 1986ലും മൂന്നാംസ്ഥാനം. ജേതാക്കളുടെ കിന്നരിയുമായി 2002 ലോകകപ്പിനിറങ്ങി ഗ്രൂപ്പുഘട്ടത്തിൽ മടങ്ങിയ ചരിത്രമുണ്ട്. സെനെഗലിനോട് ആദ്യകളി തോറ്റു. ഇക്കുറി ഫ്രാൻസ് ഉൾപ്പെട്ട ‘ഡി’ഗ്രൂപ്പിൽ ഡെൻമാർക്കുണ്ട്. ഒപ്പം ഓസ്ട്രേലിയയും ടുണീഷ്യയും.
കഴിഞ്ഞവർഷം നടന്ന യൂറോകപ്പിൽ പ്രീക്വാർട്ടറിൽ മടങ്ങി. പിന്നീട് കുറച്ചുകാലം ക്ഷീണമായിരുന്നു. ലോകകപ്പിനുള്ള യൂറോപ്യൻ യോഗ്യതയിൽ എട്ട് കളിയിൽ അഞ്ച് ജയവും മൂന്ന് സമനിലയുമാണ്. 18 ഗോളടിച്ചു. മൂന്നെണ്ണം വാങ്ങി. ഗ്രീസ്മാൻ ആറ് ഗോൾ നേടി.
യുവേഫ നേഷൻസ് ലീഗിലും പ്രകടനം മോശമായി. ആറ് കളിയിൽ ഒറ്റജയം മാത്രം. ഡെൻമാർക്കിനോട് രണ്ടുതവണ തോറ്റു. ക്രൊയേഷ്യയോട് ഒരുസമനിലയും തോൽവിയും.
റഷ്യയിൽ നടന്ന 2018 ലോകകപ്പിൽ ഓസ്ട്രേലിയയെ 2–-1ന് തോൽപ്പിച്ചാണ് തുടക്കം. പെറുവിനെയും ഒരു ഗോളിന് കീഴടക്കി. ഡെൻമാർക്കിനെതിരെ ഗോളില്ലാസമനില. പ്രീക്വാർട്ടറിൽ അർജന്റീനയെ മടക്കിയാണ് (4–-3) പ്രതാപം വീണ്ടെടുത്തത്. സെമിയിൽ ബൽജിയത്തെ വീഴ്ത്തി. ഫൈനലിൽ ക്രൊയേഷ്യക്കെതിരെ ഏകപക്ഷീയ ജയം (4–-2). പരിചയസമ്പന്നർക്കൊപ്പം പുതുനിരയെയാണ് ഖത്തറിൽ അവതരിപ്പിക്കുന്നത്. കളിയുടെ എല്ലാ മേഖലയിലും ഫ്രഞ്ച് അധിനിവേശത്തിനായി ശ്രമിക്കുമ്പോൾ കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.