ന്യൂഡൽഹി > ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ കാർഡിറക്കി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം പുതിയ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് കെജ്രിവാൾ ആവശ്യപ്പെട്ടു.
സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം നോട്ടിൽ ഉൾപ്പെടുത്തണമെന്നാണ് കെജ്രിവാൾ പറയുന്നത്. ഇന്ത്യൻ കറൻസി നോട്ടിൽ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിർത്തണം. മറുവശത്ത് ഗണേശ ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉൾപ്പെടുത്തുകയാണെങ്കിൽ രാജ്യത്തിന് മുഴുവൻ അതിന്റെ അനുഗ്രഹമുണ്ടാകും. 85 ശതമാനം മുസ്ലിംകൾ ഉള്ള ഇന്തോനേഷ്യയിലെ കറൻസിയിൽ ഗണേശ ഭഗവാന്റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കൾ – കെജ്രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.