കാസർകോട്> ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എക്സൈസ് വകുപ്പ് എന്നിവ സംഘടിപ്പിക്കുന്ന ലഹരിവിമുക്ത നവകേരളം സൈക്കിൾ റാലിക്ക് കാസർകോട്ട് തുടക്കം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സൈക്കിൾ റാലിയിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് വളന്റിയർമാരാണ് അണിനിരക്കുന്നത്. എല്ലാ ജില്ലകളിലും സ്വീകരണമുണ്ടാകും. നവംബർ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.
കാസർകോട് നഗരസഭാ ഹാളിന് സമീപം മന്ത്രി എം ബി രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഗൃഹസന്ദർശന ബോധവൽക്കരണം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ, എക്സൈസ് വകുപ്പ് ഡെപ്യൂട്ടി കമീഷണർ ഡി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രിവന്റീവ് ഓഫീസർ എൻ ജി രഘുനാഥ് ബോധവൽക്കരണ ക്ലാസെടുത്തു. സ്കൗട്ട് സംസ്ഥാന കമീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ സ്വാഗതവും കെ ഭാർഗവിക്കുട്ടി നന്ദിയും പറഞ്ഞു.