തൃശൂർ> കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ആക്ഷേപിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് യഥാര്‍ത്ഥത്തില്‍ കേരളീയ സമൂഹത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ പ്രസ്താവനയിൽ പറഞ്ഞു. ഇന്നോളം ഒരു ഗവര്‍ണ്ണറും ഇത്രത്തോളം തരംതാഴ്ന്നിട്ടില്ല. ഇര്ഫാന് ഹബീബ് എന്ന വന്ദ്യവയോധികനെ ഗുണ്ടയെന്ന് വിളിച്ച ഇദ്ദേഹം ഗവര്‍ണ്ണര്‍ പദവിയുടെ ഭരണഘടനാ അനുസൃത അന്തസ് തകര്‍ത്തു കളഞ്ഞിരിക്കുകയാണ്.
പത്ര സമ്മേളനത്തില്‍ നിന്ന് നാല് മാധ്യമങ്ങളെ വിലക്കിയ സംഭവവും ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യ വ്യവസ്ഥയില്‍ പൊതു ശമ്പളം പറ്റുന്ന പദവി വഹിക്കുന്ന ഒരാളില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു മാധ്യമ വിലക്ക്. തനിക്ക് ഹലേലൂയ്യ പാടുന്ന മാധ്യമങ്ങള്‍ മാത്രമെ താന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പാടുള്ളു എന്ന നിലപാടിനെ മുഖധാരാമാധ്യമങ്ങള്‍ തള്ളിപ്പറയാതിരിക്കുന്നതും പ്രതിഷേധാര്‍ഹമാണ്.