കൊച്ചി
രാഷ്ടീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ സംസ്ഥാന മന്ത്രിമാരെ ആക്ഷേപിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിമാരുടെ യോഗ്യതയെക്കുറിച്ച് അജ്ഞൻ. നിയമമന്ത്രിക്ക് നിയമവും ഭരണഘടനയും അറിയില്ലെന്നും ധനമന്ത്രി ലോട്ടറി, മദ്യം കച്ചവടം വഴി ഖജനാവിലേക്ക് പണം കണ്ടെത്തുകയാണെന്നും ആക്ഷേപിക്കുന്ന ഗവർണർക്ക് ചരിത്രം അറിയില്ലെന്ന് ചുരുക്കം.
ധനതത്വശാസ്ത്രത്തിലും നിയമത്തിലും ബിരുദമുള്ള സംസ്ഥാന നിയമമന്ത്രി പി രാജീവ് രാജ്യസഭയുടെ അഷ്വറൻസ് കമ്മിറ്റി ചെയർമാൻകൂടിയായിരുന്നു എന്ന വിവരവും ഗവർണർക്കറിയില്ല. വിവരാവകാശ നിയമ ഭേദഗതി ഉൾപ്പെടെ സുപ്രധാന ബില്ലുകളുടെ ചർച്ചയിൽ അതിപ്രാഗത്ഭ്യത്തോടെ പങ്കെടുത്തിട്ടുള്ള പി രാജീവ് പാർലമെന്റ് അംഗങ്ങളുടെ പ്രതിനിധിയായി ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗവും ഗവർണർ കേട്ടിട്ടില്ലെന്നുവേണം കരുതാൻ. പി രാജീവിനെപ്പോലുള്ളവർ രാജ്യസഭയിൽ വേണമെന്നും ഒരവസരംകൂടി നൽകണമെന്നും ബിജെപിയുടെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും അന്നത്തെ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദും യാത്രയയപ്പ് യോഗത്തിൽ സിപിഐ എമ്മിനോട് അഭ്യർഥിച്ച കാര്യം ഗവർണർ മറന്നുകാണും.
എംകോം, എൽഎൽഎം യോഗ്യതകളുള്ള ധനമന്ത്രി കെ എൻ ബാലഗോപാൽ ബാങ്ക് ഉദ്യോഗം ഉപേക്ഷിച്ച് മുഴുവൻസമയ പൊതുപ്രവർത്തകനായ ആളാണെന്ന് ഗവർണറുടെ ഉപദേശകർ അദ്ദേഹത്തോട് പറഞ്ഞുകാണില്ല. ലോട്ടറിയും മദ്യവുംവഴി സംസ്ഥാന ഖജനാവിലേക്ക് പണം കണ്ടെത്തുകമാത്രമാണ് ധനമന്ത്രി ചെയ്യുന്നതെന്നാണ് ഗവർണറുടെ ആക്ഷേപം. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതിനെതിരെ ജിഎസ്ടി ബിൽ ചർച്ചയിൽ ബാലഗോപാൽ രാജ്യസഭയിൽ നടത്തിയ ചെറുത്തുനിൽപ്പ് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു.
വ്യക്തിതാൽപ്പര്യങ്ങൾക്കും സ്ഥാനമാനങ്ങൾക്കുംവേണ്ടി രാഷ്ട്രീയത്തിൽ കൂടുവിട്ട് കൂടുമാറിയ ചരിത്രമുള്ള ആരിഫ് മൊഹമ്മദ് ഖാന് ഹവാല കേസും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്യാജ സർടിഫിക്കറ്റ് തയ്യാറാക്കലും പുത്തരിയല്ല. 1989ൽ കേന്ദ്ര മന്ത്രിയായിരിക്കെ ജെയിൻ ഹവാല കേസിൽ കൂടുതൽ ഹവാലപ്പണം കൈപ്പറ്റി പ്രതിയായ ആളാണ് ഖാൻ. 1974ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ 25 വയസ്സ് തികയാതെതന്നെ വ്യാജ സത്യവാങ്മൂലം നൽകിയാണ് അദ്ദേഹം മത്സരിച്ചതെന്നതും ചരിത്രം.