തിരുവനന്തപുരം> എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുവതിയെ മർദിച്ചതിന് ആശുപത്രി രേഖകളും തെളിവ്. സെപ്തംബർ 15ന് പുലർച്ചെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ഒക്ടോബർ 10ന് ഫോർട്ട് ആശുപത്രിയിലും നടത്തിയ വൈദ്യപരിശോധനയിലാണ് പരിക്കുണ്ടെന്ന് വ്യക്തമായത്. സെപ്തംബർ 14ന് രാത്രി യുവതിയെ കോവളത്ത് എത്തിച്ച് മർദിച്ചശേഷം പുലർച്ചെ രണ്ടരയോടെയാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഭാര്യയെന്നാണ് എൽദോസ് കുന്നപ്പിള്ളി യുവതിയെ വിശേഷിപ്പിച്ചത്.
വയറിന്റെ ഇടതുഭാഗത്ത് രക്തം കല്ലിച്ച പാടുകളും വലതുകൈയിലും കൈമുട്ടിലും മുറിവും ഉണ്ടായിരുന്നതായി പരിശോധനാ രേഖകളിലുണ്ട്. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലുണ്ടായ അക്രമത്തിലും യുവതിക്ക് പരിക്കേറ്റു. ജീവന് ഭീഷണി ഉണ്ടായതോടെ യുവതി നാടുവിട്ടു. പിന്നീട് തിരിച്ചെത്തിയശേഷം പൊലീസ് ഫോർട്ട് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. മുതുകിൽ ചതവും ഇടതുകൈയിൽ മർദനമേറ്റതിന്റെ പാടും കണ്ടെത്തി. എൽദോസ് കുന്നപ്പിള്ളി മർദിച്ചതാണെന്ന് യുവതി പൊലീസിനും ആശുപത്രിയിലും മൊഴി നൽകിയിട്ടുണ്ട്.