തിരുവനന്തപുരം> ഇഎൻഎ -സ്പിരിറ്റിന്റെ വിലവർധനയെത്തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ഡിസ്റ്റിലറികൾ മദ്യോൽപ്പാദനം നിർത്തി. 18 സ്വകാര്യ ഡിസ്റ്റിലറിയിൽ പ്രവർത്തിക്കുന്ന 14 യൂണിറ്റും അടച്ചു. ഇത് വരുംദിവസങ്ങളിൽ സംസ്ഥാനത്തെ മദ്യവിതരണം പ്രതിസന്ധിയിലാക്കും. ഒരു വർഷത്തിനിടെ ഇഎൻഎ -സ്പിരിറ്റിന്റെ വില 25 ശതമാനമാണ് വർധിച്ചത്. കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദനമില്ലാത്തതിനാൽ മധ്യപ്രദേശ്, കർണാടകം, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ് കൊണ്ടുവരുന്നത്.
കരിമ്പ്, നെല്ല് എന്നിവയിൽനിന്നാണ് ഇഎൻഎ, എത്തനോൾ സ്പിരിറ്റുകൾ ഉണ്ടാക്കുന്നത്. പെട്രോളിയം കമ്പനികൾക്കായി എത്തനോൾ കേന്ദ്രം വൻതോതിൽ കൈമാറ്റം ചെയ്തു. ഇതാണ് ഇഎൻഎയ്ക്ക് വില കുത്തനെ കൂടാൻ പ്രധാനകാരണം. ലിറ്ററിന് 52 രൂപയായിരുന്നത് ഇപ്പോൾ 73 ആയി. പ്രത്യക്ഷമായി 2000 തൊഴിലാളികളും അല്ലാതെ 10,000 പേരും ഈ മേഖലയിൽ കേരളത്തിൽ തൊഴിലെടുക്കുന്നുണ്ട്. ഇവർക്കുള്ള അടിസ്ഥാന വേതനം സംസ്ഥാന സർക്കാർ ഉറപ്പുവരുത്തി.
ഇത് കമ്പനികൾ അംഗീകരിക്കുകയും ചെയ്തു. അതിനിടയിലാണ് വിലവർധന. പ്രതിമാസം 17 ലക്ഷം കെയ്സ് മദ്യമാണ് സ്വകാര്യമേഖലയിൽ ഉപ്പാദിപ്പിക്കുന്നത്. ഇതിൽ കൂടുതലും ബിവറേജസ് കോർപറേഷനാണ് വാങ്ങുന്നത്. 5000 കെയ്സ് സംസ്ഥാനത്തിനു പുറത്തേക്കും പോകുന്നു. സർക്കാരിന്റെ ഏക ഡിസ്റ്റിലറിയിൽ ഉൽപ്പാദനം വർധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു.