തൃശൂർ > കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്കരണത്തിന്നിയോഗിച്ച മൂന്ന് വിദഗ്ധ കമീഷനുകളുടെ പഠനറിപ്പോർട്ടുകളിൽ അഭിപ്രായം തേടാൻ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കൊളോക്വിയം (വിദ്യാഭ്യാസ സമ്മേളനം) തിരുവനന്തപുരത്ത് ചേരുമെന്ന് മന്ത്രി ആർ ബിന്ദു. ജവഹർ സഹകരണ ഭവനിൽ നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന കൊളോക്വിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കമീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രൊജക്ട് മോഡ് കോഴ്സുകൾ, കരിക്കുലം പരിഷ്കരണം തുടങ്ങി നിരവധി പദ്ധതികൾക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്. സമഗ്രവും സുതാര്യവുമായ ചർച്ചയ്ക്കുശേഷം റിപ്പോർട്ടുകളിലെ നിർദേശങ്ങൾ നടപ്പാക്കും. അധ്യാപക, അനധ്യാപക, വിദ്യാർഥി സംഘടനാ പ്രതിനിധികളുമായുള്ള പ്രാഥമിക ചർച്ച നടത്തിയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. സർവകലാശാല നിയമ പരിഷ്കരണ കമീഷൻ ചെയർമാൻ പ്രൊഫ. എൻ കെ ജയകുമാർ, പരീക്ഷാ പരിഷ്കരണ കമീഷൻ ചെയർമാൻ പ്രൊഫ. സി ടി അരവിന്ദകുമാർ, ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷൻ അംഗം പ്രൊഫ. സാബു അബ്ദുൾ ഹമീദ് എന്നിവർ റിപ്പോർട്ടുകൾ സമർപ്പിക്കും.