തിരുവനന്തപുരം> കോൺഗ്രസ് അണികളിൽ നിന്നടക്കം കനത്ത എതിർപ്പ് ഉയർന്നിട്ടും ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പള്ളി എംഎൽഎയെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം. മുഖംരക്ഷിക്കാൻ കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നു മാത്രം ആറുമാസത്തേയ്ക്ക് സസ്പെന്റുചെയ്തു. എന്നാൽ പ്രാഥമിക അംഗത്വത്തിൽ നിലനിർത്തി. കേസിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞിറങ്ങിയ എൽദോസ് കുന്നപ്പിള്ളിയോട് സംസാരിച്ച ശേഷമാണ് നേതൃത്വം നടപടിക്ക് തയ്യാറായത്. സടപടി കാലാവധിക്ക്ശേഷം ഈ സ്ഥാനങ്ങളെല്ലാം തിരുച്ചുകൊടുക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐ ഗ്രൂപ്പിലെ ചെന്നിത്തല വിഭാഗവും എ ഗ്രൂപ്പും കുന്നപ്പിള്ളിക്കെതിരെ കടുത്ത നടപടിവേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി ഡി സതീശനും കെ സുധാകരനും എൽദോസിനെ സംരക്ഷിക്കണമെന്ന നിലപാടിലായിരുന്നു.
വിശദീകരണം കിട്ടിയാൽ ഉടൻ നടപടി എന്നായിരുന്നു പരാതി ഉയർന്ന ദിവസംമുതൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവർത്തിച്ചിരുന്നത്. ശനിയാഴ്ച സുധാകരൻ നിലപാട് മയപ്പെടുത്തി. പല പ്രമുഖ നേതാക്കളുടെയും ഇടപാടുകളുടെ വിവരങ്ങൾ കൈവശമുണ്ടെന്നും നടപടി ഉണ്ടായാൽ ഇക്കാര്യങ്ങൾ പുറത്തുവരുമെന്നും എൽദോസ് ഭീഷണി മുഴക്കിയിരുന്നു. അതിനാലാണ് ചർച്ചയിലൂടെ അനുനയിപ്പിച്ചശേഷം നടപടി മൃദുവാക്കിയത്. എന്നാൽ കനത്ത നടപടി വേണമെന്ന് തുടക്കം മുതലേ കെ മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. എൽദോസിനെ ഞരമ്പുരോഗി എന്നാണ് കെ മുരളീധരൻ എംപി വിശേഷിപ്പിച്ചത്.
നടപടി വൈകുന്നത് പാർടിക്ക് നാണക്കേട് ഉണ്ടാക്കുമെന്നും മുരളീധരൻ തുറന്നടിച്ചിരുന്നു. എന്നാൽ നടപടി എടുത്താൽ എംഎൽഎ കുറ്റക്കാരനെന്ന് പറയുന്നതിന് തുല്യമാകുമെന്നാണ് സുധാകരനും സതീശനും വാദിച്ചത്. കുന്നപ്പിള്ളി രണ്ടു ദിവസംമുമ്പ് നൽകിയ വിശദീകരണം ഇനിയും വായിച്ചിട്ടില്ലെന്ന് സുധാകരൻ പറഞ്ഞതും കാര്യമായ നടപടി ഉണ്ടാകില്ലെന്നതിന്റെ സൂചനയായിരുന്നു.
അന്വേഷണവുമായി സഹകരിക്കുന്നില്ല
ബലാത്സംഗ കേസിൽ അന്വേഷണസംഘവുമായി സഹകരിക്കാതെ എൽദോസ് കുന്നപ്പിള്ളി എംഎൽഎ. മുൻകൂർ ജാമ്യം അനുവദിച്ച കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായ കുന്നപ്പിള്ളി പല ചോദ്യങ്ങൾക്കും കൃത്യമായി മറുപടി പറയുന്നില്ല.യുവതിയുമായി ദീർഘകാല പരിചയമില്ലെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നുമാണ് കുന്നപ്പിള്ളി പറയുന്നത്. കോവളത്ത് കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ കൃത്യമായ മറുപടിയുണ്ടായില്ല. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമീഷണർ ബി അനിൽകുമാറിന്റെ നേതൃത്വത്തിൽ രാവിലെ ഒമ്പതിന് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് 6.15 വരെ നീണ്ടു. തിങ്കൾ രാവിലെ ഒമ്പതിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. മൊബൈൽ ഫോൺ കൈമാറണം.
ഒളിവിൽ കഴിഞ്ഞ സ്ഥലത്തെക്കുറിച്ചടക്കം വിവരം നൽകാനും കുന്നപ്പിള്ളി തയ്യാറായിട്ടില്ല. ഇടുക്കി നേര്യമംഗലത്താണ് ഒളിവിൽ കഴിഞ്ഞതെന്ന മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിൽ ഒളിവിലുണ്ടായിരുന്നുവെന്ന വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്.
മുൻകൂർ ജാമ്യവ്യവസ്ഥ പ്രകാരം നവംബർ ഒന്നുവരെ കുന്നപ്പിള്ളി ചോദ്യം ചെയ്യലിന് ഹാജരാകണം. ഇതിനിടെ കോവളത്തും പീഡനം നടന്നതായി പരാതിയിൽ പറയുന്ന സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുത്തേക്കും. തെളിവെടുപ്പ് ആവശ്യമുള്ള ഘട്ടങ്ങളിൽ നിയന്ത്രിത കസ്റ്റഡിയാകാമെന്ന് അഡീഷണൽ സെഷൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.