തിരുവനന്തപുരം> മലയാളികളെ അവഹേളിക്കാൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉയർത്തുന്നത് സംഘപരിവാറിന്റെ കപടവാദങ്ങൾ. പഞ്ചാബിനെ മറികടന്ന് ലഹരിമരുന്നിന്റെ തലസ്ഥാനമായി കേരളം മാറിയെന്ന് ആരോപിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കിയിട്ടില്ല. ഏത് കണക്ക് പരിശോധിച്ചാലും ലഹരിവസ്തുക്കളുടെ ഉപഭോഗത്തിൽ കേരളം ആദ്യ അഞ്ചു സംസ്ഥാനത്തിന്റെ പട്ടികയിൽപ്പോലുമില്ല.
രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരിവസ്തുക്കൾ വിദേശത്തുനിന്ന് എത്തുന്നത് മുംബൈ, ഗുജറാത്ത് തുറമുഖങ്ങളിലൂടെയാണ് എന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ കണക്ക്.രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് ഓപ്പിയം (കറുപ്പ്) പോലുള്ളവ എത്തുന്നത്. മണിപ്പുർ, ബംഗാൾ, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഹെറോയിൻപോലുള്ളവയുടെ പ്രധാന ഇടത്താവളങ്ങളെന്നാണ് എൻസിബി റിപ്പോർട്ട്. രാജ്യത്ത് ഹെറോയിൻ എത്തുന്നത് പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ഇന്ത്യ– പാക് അതിർത്തിയിലൂടെയാണ്.
പഞ്ചാബ്, ന്യൂഡൽഹി, യുപി സംസ്ഥാനങ്ങളിലാണ് വലിയതോതിൽ ഹെറോയിൻവേട്ട നടന്നിട്ടുള്ളത്. ഇന്ത്യ– നേപ്പാൾ അതിർത്തിയിലും ഒഡിഷ, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് വലിയതോതിൽ കഞ്ചാവ് പിടിച്ചിട്ടുള്ളത്. ഈ പട്ടികയിലൊന്നും കേരളമില്ല. ബിഹാറും ഗുജറാത്തും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഒഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന വരുമാനങ്ങളിലൊന്ന് മദ്യത്തിൽനിന്നാണ്. താരതമ്യത്തിൽ കേരളം വളരെ പിന്നിലാണ്. മൊത്തം റവന്യു വരുമാനത്തിന്റെ കണക്കെടുത്താൽ വളരെ തുച്ഛമാണ് ലോട്ടറിയിൽ നിന്നുള്ള വരുമാനവും.