മെൽബൺ> ട്വന്റി 20 ലോകകപ്പിന്റെ ഏറ്റവും ആവേശകരമായ പോരാട്ടം മഴ കൊണ്ടുപോകുമോ എന്ന ആശങ്ക നിലനിൽക്കെ ഇന്ത്യയും പാകിസ്ഥാനും ഇന്ന് കളത്തിൽ. മെൽബണിൽ ഇന്ത്യൻ സമയം പകൽ 1.30നാണ് കളി. കാണികൾ തിങ്ങിനിറയുന്ന മെൽബണിൽ മഴയാണ് വലിയ ഭീഷണി. ഒരുലക്ഷം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയാണ് മെൽബണിലേത്.
കഴിഞ്ഞവർഷത്തെ ലോകകപ്പ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും കൂട്ടർക്കും മറക്കാനാകില്ല. ആദ്യകളിയിൽ പാക് പേസർമാർക്കുമുന്നിൽ അടിതെറ്റിയ ഇന്ത്യൻ ടീം 10 വിക്കറ്റിനാണ് തോറ്റത്. ഇക്കുറിയും പാക് പേസ് പട മൂർച്ചയോടെതന്നെയാണ് എത്തുന്നത്. രോഹിതിന്റെയും സൂര്യകുമാർ യാദവിന്റെയും വിരാട് കോഹ്ലിയുടെയും ബാറ്റുകൾ അതിന് മറുപടി നൽകുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ. ഏഷ്യാകപ്പിൽ ഇരു ടീമുകളും രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ഓരോ ജയമായിരുന്നു.
ഷഹീൻഷാ അഫ്രീദിയാണ് പാക് പേസ് പടയുടെ നായകൻ. ഹാരിസ് റൗഫ്, നസീം ഷാ എന്നിവർ പിന്നാലെ. ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനുമാണ് ബാറ്റർമാരിലെ പ്രധാനികൾ.
പേസർ ജസ്പ്രീത് ബുമ്ര പരിക്കുമായി പുറത്തായതാണ് ഇന്ത്യക്ക് കിട്ടിയ വലിയ തിരിച്ചടി. ബാറ്റിങ് നിരയിൽ സൂര്യകുമാറിലാണ് പ്രതീക്ഷ. ഇന്ത്യൻ ടീമിൽ പൂർണമായും ട്വന്റി 20 ശൈലിയിൽ കളിക്കുന്ന ബാറ്റർ സൂര്യകുമാറാണ്. ക്യാപ്റ്റൻ രോഹിത്, മുൻ ക്യാപ്റ്റൻ കോഹ്ലി, ഓപ്പണർ ലോകേഷ് രാഹുൽ, വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്, ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരും പ്രതീക്ഷ നൽകുന്നു. ബൗളർമാരിൽ ആരും മികച്ച പ്രകടനത്തിലില്ല.
ഇന്ത്യൻ ടീം–- രോഹിത്, രാഹുൽ, കോഹ്ലി, സൂര്യകുമാർ, ഹാർദിക്, ദിനേശ് കാർത്തിക്, അക്സർ, ഹർഷൽ/ മുഹമ്മദ് ഷമി, യുശ്വേന്ദ്ര ചഹാൽ/ ആർ അശ്വിൻ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്. പാകിസ്ഥാൻ ടീം–- മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഷാൻ മസൂദ്, ഹൈദർ അലി, ഇഫ്തിക്കർ അഹമ്മദ്, ആസിഫ് അലി, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, നസീം ഷാ, ഷഹീൻഷാ അഫ്രീദി, ഹാരിസ് റൗഫ്.