ബീജിങ്> ചൈനയുടെ നേതൃതലത്തില് ഷി ജിന്പിങ്ങിന്റെ കാതലായ പദവിയും സിപിസിയില് “ഷി ചിന്ത’യുടെ മാർഗനിർദേശകപരമായ പങ്കും ഉറപ്പിക്കുന്ന പാര്ടി ഭരണഘടനാ ഭേദഗതികൾക്കും കോണ്ഗ്രസ് അംഗീകാരം നല്കി. കേന്ദ്ര കമ്മിറ്റിയിലും പാർടിയില് മൊത്തത്തിലും “സുപ്രധാന കേന്ദ്രസ്ഥാനം’ വഹിക്കുന്ന വ്യക്തിയായി ഷീയെ ഭരണഘടനയിലെ ഭേദഗതി നിര്വചിക്കുകയും “ഷി ജിൻപിങ് ചിന്ത’യെ ചൈനയുടെ ഭാവി വികസനത്തിന്റെ മാർഗനിർദേശ തത്വങ്ങളായി ഉറപ്പിക്കുകയും ചെയ്യുന്നു.
പാർടിയുടെ സൈദ്ധാന്തികവും പ്രായോഗികവും സ്ഥാപനപരവുമായ നവീകരണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതില് ഷി ജിൻപിങ് കേന്ദ്രബിന്ദുവായി പ്രവര്ത്തിക്കും. ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസത്തെക്കുറിച്ചുള്ള “ഷി ജിൻപിങ് ചിന്ത’ സമകാലിക ചൈനയുടെയും 21––ാം നൂറ്റാണ്ടിന്റെയും മാർക്സിസമാണ്, അത് ചൈനീസ് സംസ്കാരവും ധാർമികതയും ഉൾച്ചേരുന്നു- എന്നും ഭേദഗതിയില് എടുത്തുപറയുന്നു.
2020 മുതൽ 2035 വരെ സോഷ്യലിസ്റ്റ് നവീകരണം സാക്ഷാൽക്കരിക്കുക, 2035 മുതൽ ഈ നൂറ്റാണ്ടിന്റെ പകുതി വരെ സമ്പന്നവും ശക്തവും ജനാധിപത്യപരവും സാംസ്കാരികമായി പുരോഗമിച്ചതും യോജിപ്പുള്ളതും മനോഹരവുമായ ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി ചൈനയെ കെട്ടിപ്പടുക്കുക എന്നിങ്ങനെ രണ്ടുഘട്ടമാണ് ഇതിനായി നിര്ദേശിക്കുന്നത്.
ശക്തമായ സൈന്യത്തെ കെട്ടിപ്പടുക്കും. ദേശീയ പുനരേകീകരണത്തിനായി മുന്നോട്ടുപോകും. ഒരേ ഭാവി പങ്കിടുന്ന മനുഷ്യകുലത്തിനായി യത്നിക്കാനുള്ള പ്രതിബദ്ധതയും ഭേദഗതിയില് ഊന്നിപ്പറയുന്നു. ഭേദഗതി നിര്ദേശത്തില് ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ നടന്ന വോട്ടെടുപ്പില് നേതാക്കള് ഒന്നടങ്കം കൈകള് ഉയര്ത്തി പിന്തുണ അറിയിച്ചു. സൈനിക ബാൻഡ് ” സാര്വദേശീയ ഗാനം’ ആലപിച്ചതോടെയാണ് ഇരുപതാം പാര്ടി കോൺഗ്രസിന് സമാപനമായത്. അതേസമയം, പ്രായാധിക്യത്താല് അസുഖങ്ങള് നേരിടുന്ന 79കാരനായ മുൻ പ്രസിഡന്റ് ഹു ജിന്താവോയെ സമാപന സമ്മേളനവേദിയില് നിന്ന് സഹായികള് കൂട്ടികൊണ്ടുപോയത് പാശ്ചാത്യമാധ്യമങ്ങള് ചൈനയ്ക്ക് എതിരായ രാഷ്ട്രീയആയുധമാക്കി. ചൈന ഔദ്യോഗികമായി സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
ഏറ്റെടുക്കാം പുതിയ വെല്ലുവിളി: ഷി
പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും രാജ്യത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും സ്വയംസമർപ്പിതരാകാന് ജനതയോട് അഭ്യര്ത്ഥിച്ച് ജനറൽ സെക്രട്ടറി ഷി ജിൻപിങ്. സിപിസി ഇരുപതാം പാർടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസമെന്ന മഹത്തായ ആശയം പാർടി ഉയർത്തിപ്പിടിക്കണം. മാർക്സിസത്തെ അടിസ്ഥാനപ്രമാണമാക്കി ചൈനയുടെ യാഥാർഥ്യങ്ങളോട് കൂട്ടിയിണക്കണം. പാർടി രൂപീകരിച്ചിട്ട് 100 വർഷം പിന്നിട്ടു. അടുത്ത ശതാബ്ദിയിലേക്കുള്ള ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പ്രവർത്തകർ ഒരു മനസ്സാലെ ഏറ്റെടുക്കണമെന്നും ഷി പറഞ്ഞു.
അഭിനന്ദിച്ച് ലോകനേതാക്കള്
ചൈനീസ് കമ്യൂണിസ്റ്റ് പാർടി 20–-ാം പാർടി കോൺഗ്രസിന്റെ വിജയകരമായ പരിസമാപ്തിയില് കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറി ഷി ജിൻപിങ്ങിനെയും അഭിനന്ദിച്ച് ലോകനേതാക്കൾ. വിവിധ രാഷ്ട്രത്തലവന്മാരും രാഷ്ട്രീയ പാർടിമേധാവികളും അഭിനന്ദനം അറിയിച്ചു. ഷിയുടെ നേതൃത്വത്തിൽ ചൈന അതിന്റെ ആദ്യ ശതാബ്ദി ലക്ഷ്യം സാക്ഷാൽക്കരിക്കുകയും ആധുനിക ലോകത്ത് കൂടുതൽ പങ്ക് വഹിക്കുകയും ചെയ്യുന്നതായി ശ്രീലങ്ക പൊതുജന പെരമുന പാർടി നേതാവും മുൻ പ്രസിഡന്റുമായ മഹീന്ദ രജപക്സെ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർടി ഓഫ് സ്പെയിൻ പ്രസിഡന്റ് ജോസ് ലൂയിസ് സെന്റല്ല, കമ്യൂണിസ്റ്റ് പാർടി ഓഫ് ഇസ്രായേൽ ജനറൽ സെക്രട്ടറി ആദൽ അമെർ, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്റ്റ് പാർടി കേന്ദ്ര കമ്മിറ്റിയംഗവും ദേശീയ അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കറുമായ ലെച്ചെസ സെനൊളി, അർജന്റീനയിലെ ചേംബർ ഓഫ് ഡെപ്യൂട്ടീസ് വൈസ് പ്രസിഡന്റ് ജോസ് ലൂയിസ് ജിയോജ, ഘാന ന്യൂ പാട്രിയോടിക് പാർടി ദേശീയ അധ്യക്ഷൻ സ്റ്റീഫൻ അയേഷുന്റിം തുടങ്ങി നിരവധിപ്പേർ ആശംസ അറിയിച്ചു.