ലണ്ടൻ> ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള കണ്സര്വേറ്റീവ് പാര്ടിയിലെ മത്സരത്തില് സ്ഥാനാർഥിത്വം ഉറപ്പിച്ച് ഇന്ത്യൻ വംശജൻ ഋഷി സുനക്. മത്സരത്തിന് തയ്യാറായി മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും ബ്രിട്ടനിൽ തിരിച്ചെത്തി. മത്സരിക്കാൻ ഏറ്റവും കുറഞ്ഞത് 100 എംപിമാരുടെ പിന്തുണ വേണം. അത് നേടിയാണ് ഋഷി സുനക് സ്ഥാനാർഥിത്വം ഉറപ്പിച്ചത്. കരീബിയൻ അവധിക്കാല യാത്ര അവസാനിപ്പിച്ചാണ് ബോറിസ് ജോൺസൺ ബ്രിട്ടനിൽ തിരികെയെത്തിയത്.
അഴിമതി ആരോപണങ്ങളും പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെയും തുടർന്ന് രാജിവച്ച ബോറിസ് ജോൺസൺ കഴിഞ്ഞ സെപ്തംബറിലാണ് അധികാരം കൈമാറിയത്. രാജ്യത്തിന് സ്ഥിരതയും ഐക്യവും ആവശ്യമായ സമയത്ത് മുമ്പ് രാജിവച്ചയാൾ തിരിച്ചുവരുന്നതിനെ ഭരണകക്ഷിയിൽപ്പെട്ടവർതന്നെ എതിർക്കുന്നുണ്ട്. രാജ്യത്തിന് മുന്നോട്ടാണ് പോകേണ്ടതെന്നും പിന്നോട്ടല്ലെന്നുമുള്ള മുൻ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബിന്റെ പ്രസ്താവന ബോറിസിനെ ലക്ഷ്യമിട്ടാണെന്ന് വിലയിരുത്തുന്നു.
മന്ത്രിസഭാംഗംകൂടിയായ പെന്നി മോഡന്റ് നേരത്തേ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. ബോറിസ്കൂടി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചാൽ 357 എംപിമാർക്കിടയിൽ വോട്ടെടുപ്പ് നടത്തും. ഇതിൽ ഏറ്റവും കുറഞ്ഞ വോട്ട് നേടുന്നയാൾ പുറത്താകും. പിന്നീടുള്ള രണ്ടുപേര് കൺസർവേറ്റീവ് പാർടി അംഗങ്ങൾക്കിടയിൽ വോട്ട് തേടും. ഇതിൽ വിജയിക്കുന്നയാളാണ് പ്രധാനമന്ത്രിയാകുക. ആദ്യ മത്സരം ഒഴിവാക്കാൻ സുനക്–- ബോറിസ് ക്യാമ്പ് ധാരണയ്ക്ക് ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. അഴിമതി ആരോപണങ്ങളിൽ ബോറിസിനെ എതിർക്കുന്നവർ കൂടുതലായതിനാൽ ഋഷി സുനകും പെന്നി മോഡന്റും ഏറ്റുമുട്ടാനാണ് സാധ്യത.