ഏലംകുളം (മലപ്പുറം)> തങ്ങൾക്ക് ഇഷ്ടമില്ലാത്ത പ്രാദേശിക സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച് എങ്ങനെ തകർക്കാം എന്നു നോക്കുകയാണ് കേന്ദ്രസർക്കാരും ബിജെപിയുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കേരളത്തിൽ അതാണ് കണ്ടുകൊണ്ടിരിക്കുന്നത്–- കെഎംസിഎസ്യു സംസ്ഥാന പഠനക്യാമ്പ് ഏലംകുളം ഇ എം എസ് അക്കാദമിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലെല്ലാം ഇതിനാണ് ബിജെപി ശ്രമിക്കുന്നത്. തമിഴ്നാട്ടിൽ, മഹാരാഷ്ട്രയിൽ, തെലങ്കാനയിൽ എന്നു തുടങ്ജി ബിശജപി ഇതര സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ ഗവർണർമാരെ ഇടപെടുവിക്കുന്നു. ബിജെപി അനുഭാവികളോ പ്രവർത്തകരോ ആയവരെയാണ് ഗവർണർമാരാക്കുന്നത്. മഹാരാഷ്ട്രയിൽ ഒന്നരവർഷമാണ് സ്പീക്കർ ഇല്ലാതിരുന്നത്. ഗവർണറുടെ ഇടപെടലിന്റെ ഫലമായിരുന്നു അത്. അനാവശ്യ ഇടപെടലിലൂടെ സർവകലാശാലകളെയും തകർക്കാനാണ് നീക്കം.
ഒന്നുകിൽ എംഎൽഎമാരെ വിലയ്ക്കുവാങ്ങി അധികാരം പിടിക്കുക, അല്ലെങ്കിൽ ഗവർണർമാരെ ഉപയോഗിച്ച് സർക്കാരിനെ ദുർബലമാക്കുക. ഇതാണ് ബിജെപി നയം. ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനാണ് ശ്രമം. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ ശക്തമായ ചെറുത്തുനിൽപ് ഉയരണമെന്നും വിജയരാഘവൻ പറഞ്ഞു.