ന്യൂഡൽഹി> ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ ടി യു) വൈസ് ചാൻസലര്‍ ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
കെടിയു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചതു് ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് ഉത്തരവ്. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ, അത് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയത്.
യു ജി സി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനലാണ് സെർച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. എന്നാല്‍ സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒരാളുടെ പേര് മാത്രമാണ് സമിതി ചാന്‍സലര്‍ക്ക് കൈമാറിയത്. ഈ നടപടി ചട്ടലംഘനമാണെന്നാണ് കോടതിയുടെ നീരീക്ഷണം.