വീണ്ടുമൊരു ലോകകിരീടത്തിനായി ഇംഗ്ലണ്ട് കാത്തിരിപ്പ് തുടങ്ങിയിട്ട് 56 വർഷമായി. 1966ൽ നാട്ടിൽ നടന്ന ലോകകപ്പിലാണ് ആദ്യത്തേയും അവസാനത്തേയും നേട്ടം. ബോബി മൂറായിരുന്നു വിജയനായകൻ. ഫൈനലിൽ പശ്ചിമ ജർമനിയെ 4–-2ന് കീഴടക്കി. ജെഫ്രി ഹേഴ്സ്റ്റിന്റെ ഹാട്രിക്കായിരുന്നു സവിശേഷത.
പിന്നീട് ഓരോതവണയും ആരാധകരെ മോഹിപ്പിച്ച്, നിരാശപ്പെടുത്താറാണ് പതിവ്. 1990ലും 2018ലും നാലാം സ്ഥാനമായിരുന്നു. കഴിഞ്ഞതവണ റഷ്യയിൽ ക്രൊയേഷ്യയോട് സെമിയിൽ തോറ്റു. ലൂസേഴ്സ് ഫൈനലിൽ ബൽജിയത്തെ മറികടക്കാനാകാതെ നാലാമതായി.
ഇക്കുറി യോഗ്യതാറൗണ്ടിൽ തകർപ്പൻ ഫോമിലായിരുന്നു. 10 കളിയിൽ എട്ട് ജയവും രണ്ട് സമനിലയും. 39 ഗോളടിച്ചപ്പോൾ വഴങ്ങിയത് മൂന്നെണ്ണം മാത്രം. ക്യാപ്റ്റൻ ഹാരി കെയ്ൻ 12 ഗോളടിച്ച് യൂറോപ്പിലെ ടോപ് സ്കോററായി. കഴിഞ്ഞവർഷം യൂറോകപ്പിൽ റണ്ണറപ്പായി. ഫൈനലിൽ ഇറ്റലിയോട് ഷൂട്ടൗട്ടിലാണ് കീഴടങ്ങിയത്.
പിന്നീട് പൂർണമായും തിരിച്ചടികളാണ്. യുവേഫ നേഷൻസ് ലീഗിൽ ആറ് കളിയിൽ ഒന്നും ജയിക്കാനായില്ല. ഹംഗറിയോട് രണ്ടുതവണ തോറ്റു. ആദ്യം ഒരു ഗോളിനും പിന്നീട് നാല് ഗോളിനും. 2014നുശേഷമുള്ള ഏറ്റവും മോശം പ്രകടനം. എന്നാൽ, ഇതൊന്നും ലോകകപ്പിനെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് കോച്ച് ഗാരെത് സൗത്ഗേറ്റ്. യൂറോപ്യൻ ക്ലബ്ബുകളിൽ നിറഞ്ഞാടുന്ന കളിക്കാരെക്കൊണ്ട് സമ്പന്നമാണ് ദേശീയ ടീം. ആരെയൊക്കെ ഏത് സ്ഥാനത്ത് കളിപ്പിക്കണമെന്ന ആശയക്കുഴപ്പമാണ് കോച്ചിനുള്ളത്. കളിക്കാർ ദേശീയ കുപ്പായത്തിൽ തിളങ്ങാത്തതും മറ്റൊരു പ്രശ്നമാണ്.
ഹാരി കെയ്നാണ് ടീമിന്റെ കുന്തമുന. ഗോളടിക്കാൻ റഹീം സ്റ്റർലിങ്ങും ഒപ്പമുണ്ട്. പുതിയ തലമുറയിലെ ബുകായോ സാകയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു താരം. മധ്യനിരയിൽ ലിവർപൂൾ താരം ജോർദൻ ഹെൻഡേഴ്സണുണ്ട്. കളിക്കാരുടെ പരിക്ക് പ്രതിരോധക്കോട്ടയിൽ കാര്യമായ വിള്ളലുണ്ടാക്കിയിട്ടുണ്ട്. പ്രതിരോധത്തിലെ പ്രധാനി റീസെ ജയിംസും മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ ഉപയോഗിക്കാവുന്ന കാൽവിൻ ഫിലിപ്സും പുറത്തായി. മറ്റൊരു പ്രധാനതാരം കൈൽ വാൾക്കർ ചികിത്സയിലാണ്. ഹാരി മഗ്വയർ, ജോൺ സ്റ്റോൺസ് എന്നിവർ പരിക്കുമാറി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.ഡേവിഡ് ബെക്കാം, വെയ്ൻ റൂണി, സ്റ്റീവൻ ജെറാർഡ്, ഫ്രാങ്ക് ലംപാർഡ് എന്നിവരുൾപ്പെട്ട സുവർണനിരയ്ക്ക് കഴിയാതെപോയ നേട്ടം ഹാരി കെയ്നിനും കൂട്ടർക്കും സാധ്യമാകുമോ?
വെയ്ൽസ്
കാത്തിരുന്നത്
64 വർഷം
മുപ്പത്തിരണ്ട് ലക്ഷം ജനസംഖ്യയുള്ള രാജ്യമാണ് വെയ്ൽസ്. ഒരുഭാഗം ഇംഗ്ലണ്ടിനോട് ചേർന്നുകിടക്കുന്നു. മറ്റ് മൂന്നുഭാഗവും കടൽ. ഈ കൊച്ചുരാജ്യം രണ്ടാംതവണ ലോകകപ്പ് കളിക്കാൻ കാത്തിരുന്നത് 64 വർഷമാണ്. മുമ്പ് കളിച്ചത് 1958ലെ സ്വീഡൻ ലോകകപ്പ്. അക്കുറി ചാമ്പ്യൻമാരായ ബ്രസീലിനോട് ക്വാർട്ടറിൽ തോറ്റു. സാക്ഷാൽ പെലെയുടെ ഗോളിനാണ് കീഴടങ്ങിയത്. പിന്നീട് വെയ്ൽസ് ലോകഫുട്ബോളിൽ വിസ്മൃതിയിലായി. യൂറോപ്യൻ യോഗ്യതയിൽ ആദ്യഘട്ടത്തിൽ ബൽജിയത്തിനുപിന്നിൽ രണ്ടാമതായി. എട്ട് കളിയിൽ നാല് ജയവും ഒരു തോൽവിയും മൂന്ന് സമനിലയും. പ്ലേ ഓഫിൽ ഓസ്ട്രിയയെയും ഉക്രയ്നെയും വീഴ്ത്തിയാണ് ടിക്കറ്റെടുത്തത്. പിന്നീട് യുവേഫ നേഷൻസ് ലീഗിൽ ദയനീയ പ്രകടനമായിരുന്നു. ആറ് കളിയിൽ അഞ്ചിലും തോൽവി.
ഗ്രൂപ്പിൽ ഇംഗ്ലണ്ട് കഴിഞ്ഞാൽ കരുത്തുറ്റനിര വെയ്ൽസിന്റേതാണ്. മൂന്ന് പരിചയസമ്പന്നരാണ് ടീമിന്റെ അടിത്തറ. ബാറിനുകീഴിൽ വെയ്ൽ ഹെന്നസി. പ്രതിരോധത്തിൽ ക്രിസ് ഹണ്ടർ. മുന്നേറ്റത്തിൽ എല്ലാമായ ഗാരെത് ബെയ്ൽ. മുപ്പത്തിമൂന്നുകാരനായ ബെയ്ലിന്റെ അവസാന ലോകകപ്പാകും. 108 തവണ ദേശീയ കുപ്പായത്തിലെ 40 ഗോൾ റെക്കോഡാണ്. പരിചയസമ്പന്നർക്കൊപ്പം യുവനിരകൂടി ചേരുമ്പോൾ വെയ്ൽസ് പ്രീക്വാർട്ടർ ആഗ്രഹിക്കുന്നു.