തൃക്കാക്കര
പതിനേഴുകാരിയെ ഊബർ ടാക്സിയിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവർക്ക് അഞ്ചുവർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ഏലൂർകിഴക്ക് പള്ളിക്കര വീട്ടിൽ യൂസഫിനെ (52) യാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്. 2019 ജൂലൈ 12ന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ കെന്നടിമുക്കിൽനിന്ന് ഊബർ ടാക്സിയിൽ കയറിയ പെൺകുട്ടിക്കെതിരെയാണ് പ്രതി ലൈംഗീകാതിക്രമം നടത്തിയത്. തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടിരുന്നു.
നിരവധി പെൺകുട്ടികളും സ്ത്രീകളും രാത്രിയിലടക്കം ഊബർ ടാക്സിയെ ആശ്രയിക്കുന്നവരാണ്. സുരക്ഷാ സജ്ജീകരണങ്ങൾ കമ്പനി നൽകുന്നുണ്ടെങ്കിലും പ്രതിയുടെ കുറ്റകൃത്യം അതിനെല്ലാം അപവാദമായി മാറിയെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി ഒരുതരം ദയയും അർഹിക്കാത്തതിനാലാണ് പരമാവധി ശിക്ഷ നൽകുന്നതെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകാനും നിർദേശിച്ചു. തൃക്കാക്കര എസ്ഐയായിരുന്ന പി പി ജസ്റ്റിനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.