ന്യൂഡൽഹി> മുസ്ലീകൾക്ക് എതിരെ വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നവർക്ക് എതിരെ യുഎപിഎ ചുമത്തികേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാർ ഉൾപ്പടെയുള്ള കക്ഷികൾക്കാണ് നോട്ടീസ്. ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് നിലവിൽ വിദ്വേഷപ്രസംഗങ്ങൾക്ക് എതിരായ ഹർജികൾ പരിഗണിക്കുന്നുണ്ട്.
ആ ഹർജികൾക്ക് ഒപ്പം പുതിയ ഹർജി കൂടി പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. വിദ്വേഷപ്രസംഗങ്ങൾക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര,സംസ്ഥാനസർക്കാരുകൾക്ക് നിർദേശം നൽകണം, വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നവർക്ക് എതിരെ യുഎപിഎ ചുമത്തി കേസെടുക്കണം– തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചിട്ടുള്ളത്. ഭരണകക്ഷികളിൽ ഉൾപ്പെട്ടവരും ബന്ധപ്പെട്ടവരും മുസ്ലീം വിഭാഗത്തെ ഒറ്റതിരിച്ച് വിദ്വേഷപ്രചരണം നടത്തുകയാണെന്ന് ഹർജിക്കാരനായ ഷഹീൻ അബ്ദുള്ള ചൂണ്ടിക്കാണിച്ചു.