കഴക്കൂട്ടം
എംപ്ലോയർ സർവീസ് മേഖലയിലെ പ്രമുഖ അമേരിക്കൻ കമ്പനി ‘വെൻഷ്വർ’ കേരളത്തിൽ 1500 കോടിയുടെ നിക്ഷേപം നടത്തും. വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിലെ ധാരണപ്രകാരം വെൻഷ്വറിന്റെ പുതിയ ഓഫീസ് കിൻഫ്ര പാർക്കിൽ പ്രവർത്തനമാരംഭിച്ചു.
കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ ആരംഭിച്ച വെൻഷ്വറിന്റെ ഓഫീസിൽ നിലവിൽ ഇരുനൂറോളംപേരാണ് ജോലിചെയ്യുന്നത്. ഒന്നര വർഷത്തിനുള്ളിൽ 2500 പേർക്കുകൂടി തൊഴിൽ ലഭിക്കും. കിൻഫ്ര അനുവദിച്ച രണ്ടേക്കർ ഭൂമിയിൽ ആക്സൽ ഇൻഫിനിയം പണിത കെട്ടിടത്തിലാണ് വെൻഷ്വർ.
ലോകത്തെ പ്രമുഖ പ്രൊഫഷണൽ എംപ്ലോയർ ഓർഗനൈസേഷനായ വെൻഷ്വറിനു ഒരു ലക്ഷത്തിലധികം ബിസിനസ് കൂട്ടാളികളുണ്ട്. സ്ഥാപനങ്ങൾക്ക് ആവശ്യമായ മാനവശേഷി, പേ റോൾ, റിസ്ക് മാനേജ്മെന്റ്, ജീവനക്കാർക്കുള്ള ക്ഷേമപദ്ധതികൾ എന്നീ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് വെൻഷ്വർ. പത്ത് രാജ്യത്തിൽ കമ്പനിയുടെ പ്രവർത്തനമുണ്ട്. ഇന്ത്യയിലെ പ്രധാന പ്രവർത്തനകേന്ദ്രമായി കേരളത്തെ മാറ്റാനാണ് വെൻഷ്വർ ശ്രമിക്കുന്നത്. ആവശ്യപ്പെട്ട് 80 ദിവസത്തിനകം ഓഫീസ് സ്ഥലം ലഭ്യമാക്കാൻ കിൻഫ്രയ്ക്ക് കഴിഞ്ഞു. പ്രവർത്തനം വിപുലപ്പെടുത്താൻ കൂടുതൽ സ്ഥലം ഒരുക്കുമെന്ന് കിൻഫ്ര അറിയിച്ചിട്ടുണ്ട്. വെൻഷ്വർ ഓഫീസിൽ എത്തിയ മന്ത്രി പി രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവരെ വെൻഷ്വർ സിഇഒ അലക്സ് കൊമ്പോസ്, ശിവകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.