കെ വി വിജയദാസ് നഗർ
കർഷകസമരം അവസാനിപ്പിക്കാൻ നൽകിയ ഉറപ്പുകൾ പാലിക്കാത്ത നരേന്ദ്രമോദി സർക്കാരിനെതിരെ രണ്ടാംഘട്ട പോരാട്ടം ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള. കർഷകസമരം അവസാനിച്ചതിന്റെ ഒന്നാം വാർഷികദിനമായ നവംബർ 26ന് എല്ലാ സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് കൃഷിക്കാർ പങ്കെടുക്കുന്ന കർഷകമുന്നേറ്റങ്ങൾ സംഘടിപ്പിക്കും. കേരള കർഷകസംഘം 27 –-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ ഓർഡിനൻസായി കൊണ്ടുവന്ന മൂന്ന് കരിനിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരം 380 ദിവസം നീണ്ടു. സമരത്തിനെതിരെ സർക്കാർ വൻ പ്രചാരവേലകൾ നടത്തി. പാക്കിസ്ഥാനികളെന്നും ദേശവിരുദ്ധരെന്നും ആക്ഷേപിച്ചു. കുത്തക മാധ്യമങ്ങളാകെ രംഗത്തുവന്നു. അടിച്ചമർത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമായപ്പോൾ ഒത്തുതീർപ്പിന് തയ്യാറായ മോദി സർക്കാർ കരിനിയമങ്ങൾ പിൻവലിച്ചെങ്കിലും ഉറപ്പുകൾ നടപ്പായില്ല.
മറ്റ് സംസ്ഥാനങ്ങളിൽ കർഷകർ ആക്രമിക്കപ്പെടുമ്പോൾ കേരളത്തിൽ കർഷകസൗഹൃദ ഭരണമാണ്. കർഷകർക്ക് ഉല്പന്നങ്ങൾക്ക് താങ്ങുവില ലഭിക്കുന്നു. നെല്ലിന് കൂടുതൽ സംഭരണവില കിട്ടുന്നു. എൽഡിഎഫ് സർക്കാരിനെതിരെ ത്രിമുഖ ആക്രമണമാണ് നടക്കുന്നത്. ഒരുഭാഗത്ത് ആർഎസ്എസ് ക്രിമിനലുകൾ വർഗീയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. യുഡിഎഫും സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു. കേന്ദ്രസർക്കാരാണ് മൂന്നാമത്തെ വിഭാഗം. അവർ നിയോഗിച്ച ഗവർണറും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മുൻകാലങ്ങളിൽ ബുദ്ധിജീവികളും പണ്ഡിതൻമാരുമായിരുന്നു ഗവർണർമാർ. ഇപ്പോൾ ബുദ്ധിപരമായി നിലവാരമില്ലാത്ത ആർഎസ്എസ് ഏജന്റുമാരാണ് ഗവർണറാകുന്നത്. ഗവർണർ പദവിതന്നെ ഇല്ലാതാക്കണം. നല്ല ആളുകളും ബുദ്ധിജീവികളും പ്രൊഫസർമാരുമെല്ലാം ഗവർണർമാരാകുമെന്നാണ് ഭരണഘടന തയ്യാറാക്കുമ്പോൾ അംബേദ്കർ കരുതിയത്. അവർ ഭരണഘടനാ തത്വങ്ങൾ പാലിക്കുമെന്നും കരുതി. എന്നാൽ ഇന്ന് ഭരണഘടന എന്തെന്നുപോലും അറിയാത്തവരാണ് ഗവർണർമാരെന്നും ഹന്നൻ മൊള്ള പറഞ്ഞു.