ന്യൂഡൽഹി
നീണ്ട 24 വർഷത്തിനുശേഷം നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് പ്രസിഡന്റായി. ഔദ്യോഗിക സ്ഥാനാർഥിയെന്ന പരിവേഷത്തിൽ മത്സരിച്ച കർണാടത്തിൽ നിന്നുള്ള മുതിർന്ന ദളിത് നേതാവ് മല്ലികാർജുൻ ഖാർഗെ 6825 വോട്ട് ഭൂരിപക്ഷത്തിൽ ശശി തരൂരിനെ തോൽപ്പിച്ചു. ആകെ പോൾ ചെയ്ത 9385 വോട്ടിൽ ഖാർഗെയ്ക്ക് 7897ഉം തരൂരിന് 1072ഉം ലഭിച്ചു. 416 വോട്ട് അസാധുവായെന്നും തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു. 26ന് ഖാർഗെ ചുമതലയേൽക്കും.
ആയിരത്തിലേറെ പേരുടെ പിന്തുണ ലഭിച്ചത് നേട്ടമാണെന്ന് തരൂർ പ്രതികരിച്ചു. ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിനായി യത്നിക്കുമെന്നും തരൂരിനെയും ചേർത്തുനിർത്തി മുന്നോട്ടുപോകുമെന്നും ഖാർഗെ പറഞ്ഞു. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഖാർഗെയെ വീട്ടിലെത്തി അഭിനന്ദിച്ചു. തരൂരും വീട്ടിലെത്തി ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി.
യുപിയിലും മറ്റും നടന്ന വോട്ടര്പട്ടിക ക്രമക്കേടിൽ കടുത്ത നിലപാട് സ്വീകരിക്കാനായിരുന്നു തുടക്കത്തിൽ തരൂരിന്റെ തീരുമാനം. ആയിരത്തിൽ കൂടുതൽ വോട്ട് ലഭിച്ചതോടെ നിലപാട് മയപ്പെടുത്തി. സോണിയ കുടുംബവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും തരൂർ വ്യക്തമാക്കി. തരൂരിന്റെ വോട്ട് 1000 കടന്നത് സോണിയ കുടുംബത്തിനും കുടുംബഭക്ത നേതാക്കൾക്കും ക്ഷീണമായി. പാർടിക്കുള്ളിലെ അതൃപ്തിയാണ് വോട്ടിങ്ങിൽ പ്രതിഫലിച്ചത്. മാറ്റം ആവശ്യപ്പെട്ട് കലാപക്കൊടി ഉയർത്തിയ ജി–-23 വിഭാഗത്തിനും ഫലം ആശ്വാസമായി. ഖാർഗെ കൂടിയാലോചനകളിലൂടെ തീരുമാനമെടുക്കുന്ന പ്രസിഡന്റാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജി–-23 നേതാവ് പൃഥ്വിരാജ് ചവാൻ പ്രതികരിച്ചു. നവംബറിലെ ഹിമാചൽ തെരഞ്ഞെടുപ്പും വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പുമാണ് ഖാർഗെയ്ക്കു മുന്നിലെ ആദ്യ വെല്ലുവിളി.
അരനൂറ്റാണ്ടിനുശേഷം ദളിത് പ്രസിഡന്റ്
സോണിയ കുടുംബത്തിനു പുറത്തുനിന്നൊരാൾ കോൺഗ്രസ് പ്രസിഡന്റായെങ്കിലും ‘റിമോട്ട് കൺട്രോൾ’ ഭരണത്തിൽനിന്ന് മോചനമുണ്ടാകില്ല. സോണിയ കുടുംബമാകും നയിക്കുകയെന്ന ഖാർഗെയുടെ വാക്കുകളിൽനിന്ന് അത് വ്യക്തം. ഏറ്റവും വിശ്വസ്തനെന്ന നിലയിലാണ് സോണിയ കുടുംബവും കുടുംബഭക്ത നേതാക്കളും ഖാർഗെയെ സ്ഥാനാർഥിയാക്കിയത്.
എൺപതുകാരനായ ഖാർഗെയുടെ വിജയത്തോടെ അരനൂറ്റാണ്ടിനുശേഷം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് ദളിത് വിഭാഗത്തിൽനിന്നുള്ള നേതാവ് എത്തുകയാണ്. 1971ൽ ജഗ്ജീവൻ റാമാണ് ഇതിനുമുമ്പ് ദളിത് വിഭാഗത്തിൽനിന്ന് പ്രസിഡന്റായത്. കർണാടകത്തിലെ ഗുൽബർഗ സ്വദേശിയായ ഖാർഗെ താഴെത്തട്ടിൽനിന്ന് ഉയർന്നുവന്ന നേതാവാണ്. 1969ൽ ഗുൽബർഗ സിറ്റി കമ്മിറ്റി പ്രസിഡന്റായി തുടക്കം. 1972 മുതൽ 2009 വരെ കർണാടകത്തിൽ എംഎൽഎ. വിവിധ കോൺഗ്രസ് സർക്കാരുകളിൽ മന്ത്രി. 2005ൽ പിസിസി പ്രസിഡന്റ്. കർണാടകത്തിൽ പ്രതിപക്ഷ നേതാവുമായി. എന്നാൽ, ഒരിക്കൽപ്പോലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് എംപിയായി. പിന്നീട് ഡൽഹി തട്ടകമായി. 2014 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 44 സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ ലോക്സഭാ നേതാവായി. 2019 തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഹൈക്കമാൻഡ് കൈവിട്ടില്ല.
തോൽവികൾ ഏറ്റുവാങ്ങി സോണിയയുടെപടിയിറക്കം
ഏറ്റവും കൂടുതൽ കാലം കോൺഗ്രസിനെ നയിച്ച പ്രസിഡന്റെന്ന ഖ്യാതിയുമായാണ് സോണിയ ഗാന്ധിയുടെ പടിയിറക്കം. ജവാഹർലാൽ നെഹ്റു എട്ടുവർഷവും ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ആറുവർഷം വീതവും പ്രസിഡന്റ് സ്ഥാനം വഹിച്ചു. നെഹ്റുവും ഇന്ദിരയും രാജീവും പ്രസിഡന്റുമാരായിരിക്കെ പ്രധാനമന്ത്രി പദവും വഹിച്ചിരുന്നു. 2004ലും 2009ലും കോൺഗ്രസ് നേതൃത്വത്തിൽ യുപിഎ സർക്കാരുകൾ അധികാരത്തിൽ വന്നിട്ടും സോണിയ പ്രധാനമന്ത്രിയായില്ല. വിദേശ പശ്ചാത്തലം ബിജെപി ആയുധമാക്കിയതോടെയാണ് സോണിയ അകലംപാലിച്ചത്.
രാജീവ് ഗാന്ധിയുടെ മരണശേഷം കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കാൻ വലിയ സമ്മർദം ഉയർന്നെങ്കിലും തയ്യാറായില്ല. രാജീവ് ഗാന്ധി പ്രതിസ്ഥാനത്തുണ്ടായിരുന്ന ബൊഫോഴ്സ് കേസിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള നരസിംഹ റാവു സർക്കാരിന്റെ തീരുമാനം സോണിയയുടെ രാഷ്ട്രീയപ്രവേശനത്തിന് കളമൊരുക്കി. 1997ൽ സോണിയ കോൺഗ്രസ് അംഗത്വമെടുത്തു. 1998ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോണിയ നേതൃത്വം നൽകിയിട്ടും കോൺഗ്രസ് 141 സീറ്റിൽ ഒതുങ്ങി. വാജ്പേയി സർക്കാർ അധികാരത്തിലെത്തി.
കുടുംബഭക്ത നേതാക്കൾ പരാജയത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റ് സീതാറാം കേസരിക്കുമേൽ കെട്ടിവച്ചു. എഐസിസി ഓഫീസ് മുറിയിൽ കേസരിയെ പൂട്ടിയിട്ടശേഷം പ്രവർത്തകസമിതി യോഗം ചേർന്ന് സോണിയയെ പ്രസിഡന്റാക്കി. ശരദ് പവാറിന്റെയും മറ്റും നേതൃത്വത്തിൽ ഒരുവിഭാഗം കലാപക്കൊടി ഉയർത്തിയെങ്കിലും പുറത്താക്കപ്പെട്ടു. 1998ൽ പ്രസിഡന്റ്സ്ഥാനം ഏറ്റെടുത്ത സോണിയക്ക് 1999ലെ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ ജയിപ്പിക്കാനായില്ല. 2000ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ ജിതേന്ദ്രപ്രസാദയെ തോൽപ്പിച്ചു. 2017 വരെ പ്രസിഡന്റ് സ്ഥാനത്ത് തുടർന്നു. മകൻ രാഹുലിന് അധികാരം കൈമാറി വിശ്രമജീവിതത്തിന് തയ്യാറെടുത്തെങ്കിലും 2019ലെ തെരഞ്ഞെടുപ്പുതോൽവിയോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പ്രസിഡന്റ്സ്ഥാനം രാഹുൽ രാജിവച്ചതോടെ ഇടക്കാല പ്രസിഡന്റാകാൻ നിർബന്ധിതയായി.