ന്യൂഡൽഹി > ദുരിതങ്ങളോട് പടവെട്ടിയാണ് ഡി രാജ സിപിഐയുടെ നേതൃതലത്തിലേക്ക് ഉയർന്നത്. തമിഴ്നാട്ടിലെ വെല്ലൂർ ചിത്താത്തൂർ പാലാർ നദിക്കരയിലെ കുടിലിൽനിന്ന് ത്യാഗനിർഭരമായ പോരാട്ടങ്ങളിലൂടെയാണ് രാജയുടെ വളർച്ച. ചിത്താത്തൂർ ഗ്രാമത്തിൽ കർഷകത്തൊഴിലാളികളായ പി ദൊരൈസ്വാമിയുടെയും നായകത്തിന്റെയും മകനായി 1949 ജൂൺ മൂന്നിനാണ് ജനനം.
സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളിൽനിന്നാണ് റഷ്യൻ വിപ്ലവത്തെയും ലെനിനെയും കുറിച്ചറിയുന്നത്. ഗുഡിയാട്ടം ജിഡിഎം കോളേജിൽനിന്ന് ബിരുദം നേടിയ രാജ ചിത്താത്തൂർ ഗ്രാമത്തിൽനിന്നുള്ള ആദ്യ ബിരുദധാരികൂടിയാണ്. പിന്നീട് ബിഎഡും പൂർത്തിയാക്കി. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തി. എഐവൈഎഫിന്റെ തമിഴ്നാട് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജനറൽ സെക്രട്ടറി (1985–-90) എന്നീ നിലകളിൽ പ്രവർത്തിച്ചു.
1994ൽ സിപിഐ ദേശീയ സെക്രട്ടറിയായി. 2007ലും 2013ലും രാജ്യസഭയിലെത്തി. ദളിത് ക്രിസ്ത്യൻ, ദി വേ ഫോർവേർഡ്: ഫൈറ്റ് എഗൈൻസ്റ്റ് അൺ എംപ്ലോയ്മെന്റ് , എ ബുക്ക് ലെറ്റർ ഓൺ അൺഎംപ്ലോയ്മെന്റ് തുടങ്ങിയ പുസ്തകങ്ങളെഴുതി. ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ ഭാര്യ. മകൾ അപരാജിത രാജ എഐഎസ്എഫ് നേതാവാണ്.