എത്രകാലമായി ഈ ചോദ്യം കേൾക്കാൻ തുടങ്ങിയിട്ട്. എക്കാലത്തും ലോകകപ്പിനെ ത്രസിപ്പിക്കാറുള്ള ടീമാണ് നെതർലൻഡ്സ്. ഓറഞ്ച് എന്ന് വിശേഷണമുള്ള അവർക്ക് എത്രയോ സൂപ്പർതാരങ്ങളുണ്ടായിട്ടും ലോകകപ്പ് നേടാനായിട്ടില്ല. ഇക്കുറി മാറ്റമുണ്ടാകുമോ?
യൊഹാൻ ക്രൈഫ്, ഡെന്നിസ് ബെർകാംപ്, മാർകോ വാൻബാസ്റ്റൺ, റൂഡ് ഗുള്ളിറ്റ്, ഫ്രാങ്ക് റെയ്ക്കാർഡ്, വാൻ നിസ്റ്റൽറൂയ് തുടങ്ങിയവരെല്ലാം ലോകകപ്പില്ലാതെ കളി അവസാനിപ്പിച്ചു.
ഡച്ചുകാർക്ക് ഇത് 11–-ാംലോകകപ്പാണ്. കഴിഞ്ഞതവണ റഷ്യയിൽ യോഗ്യത നേടിയില്ല. 1974ലും 1978ലും 2010ലും റണ്ണറപ്പായി. 2014ൽ മൂന്നാംസ്ഥാനം. 1998ൽ നാലാമതായി. കോച്ച് ലൂയിസ് വാൻഗാലാണ് ടീമിന്റെ ശക്തി. ഈ സൂപ്പർകോച്ചിന്റെ തന്ത്രങ്ങളാകും ഡച്ചുകാരെ നയിക്കുക. വാൻഗാൽ മൂന്നാംതവണയാണ് ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്. കഴിഞ്ഞതവണ ടീമിനെ മൂന്നാംസ്ഥാനത്തെത്തിച്ചു.
ഇക്കുറി വാൻഗാൽ വന്നശേഷം 15 കളിയിൽ ഒന്നുപോലും തോറ്റില്ല. 11 ജയവും നാല് സമനിലയും. നേഷൻസ് ലീഗ് ഫുട്ബോളിൽ സെമിയിലെത്തിയതാണ് ഒടുവിലത്തെ നേട്ടം. അർബുദബാധിതനായ വാൻഗാൽ ലോകകപ്പോടെ സ്ഥാനമൊഴിയും. കന്നിക്കിരീടമാകും അദ്ദേഹത്തിന്റെ മനസ്സിൽ.
ബാഴ്സലോണയുടെ സ്ട്രൈക്കർ മെംഫിസ് ഡിപെയാണ് മുന്നേറ്റത്തിലെ കുന്തമുന. യോഗ്യതാറൗണ്ടിൽ ഇംഗ്ലണ്ടിന്റെ ഹാരി കെയ്നിനൊപ്പം 12 ഗോൾ നേടി ടോപ്സ്കോററായി. 10 കളിയിൽ ഏഴ് ജയവും ഒരു തോൽവിയുമാണ് യോഗ്യതാറൗണ്ടിൽ. 33 ഗോൾ അടിച്ചുകൂട്ടിയപ്പോൾ തിരിച്ചുവാങ്ങിയത് എട്ടെണ്ണം. പ്രതിരോധത്തിലെ അതികായൻ വിർജിൽ വാൻഡിക്കാണ് ക്യാപ്റ്റൻ. മധ്യനിരയിൽ ഫ്രെങ്കി ഡി യോങ്ങും വെെനാൽദവുമുണ്ട്. ഭാവി ലക്ഷ്യമിട്ട് വാൻഗാൽ കൊണ്ടുവന്ന യുവനിര ഇക്കുറി മുന്നേറ്റത്തിൽ നിർണായകമാകും.
നെതർലൻഡ്സ്
റാങ്ക്: 8
ലോകകപ്പ് യോഗ്യത: 11
മികച്ച പ്രകടനം: റണ്ണറപ്പ്
(1974, 1978, 2010)
ക്യാപ്റ്റൻ: വിർജിൽ വാൻഡിക്
കോച്ച്: ലൂയിസ് വാൻഗാൽ
മത്സരങ്ങൾ
നവംബർ 21- രാത്രി 9.30
– സെനെഗൽ
നവംബർ 25 രാത്രി 9.30
-ഇക്വഡോർ
നവംബർ 29- രാത്രി 8.30
– ഖത്തർ
ദ്യേഗോ ജോട്ട ലോകകപ്പിന് ഇല്ല
പോർച്ചുഗൽ മുന്നേറ്റക്കാരൻ ദ്യേഗോ ജോട്ടയ്ക്ക് ഫുട്ബോൾ ലോകകപ്പ് നഷ്ടമാകും. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതാണ് ലിവർപൂൾ താരത്തിന് തിരിച്ചടിയായത്. ഇരുപത്തഞ്ചുകാരന് കളത്തിൽ മടങ്ങിയെത്താൻ മാസങ്ങൾ വേണ്ടിവരുമെന്ന് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ് അറിയിച്ചു.