ബീജിങ് > രാജ്യത്തിനും പാർടിക്കുംവേണ്ടി ഒറ്റമനസ്സോടെ ഉരുക്കുമുനയായി നിലകൊള്ളാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ചൈനീസ് കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി ഷി ജിൻപിങ്. ബീജിങ്ങിൽ ഞായറാഴ്ച ആരംഭിച്ച ഇരുപതാം പാർടി കോൺഗ്രസിന്റെ മൂന്നാം ദിനം ഗുവാങ്സി സ്വയംഭരണ പ്രദേശത്തുനിന്നുള്ള പ്രതിനിധികളുമായി പൊതുചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർടി കോൺഗ്രസ് ചർച്ച ചെയ്ത് അംഗീകരിക്കുന്ന റിപ്പോർട്ട് പുതിയ കാലത്തേക്കുള്ള വഴികാട്ടിയാകണം. ഇതിനായി കഴിഞ്ഞ അഞ്ചുവർഷത്തെ പാർടിയുടെയും സർക്കാരിന്റെയും പ്രവർത്തനം സസൂക്ഷ്മം വിലയിരുത്തണം. സമ്മേളനം ലക്ഷ്യമിടുന്ന നവീകരണത്തിനും ആധുനിക സോഷ്യലിസ്റ്റ് രാഷ്ട്രത്തിലേക്കുള്ള പരിവർത്തനത്തിനും ഓരോ പ്രവർത്തകർക്കും വലിയ പങ്ക് വഹിക്കാനുണ്ട്. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നേരിട്ടേക്കാവുന്ന വെല്ലുവിളികൾ ചെറുക്കാൻ രക്തപതാകയ്ക്കു കീഴിൽ കുന്തമുന പോലെ ഉറപ്പോടെ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുവാങ്സിയിൽനിന്നുള്ള അഞ്ച് പ്രതിനിധികളാണ് ചൊവ്വാഴ്ച ചർച്ചയിൽ പങ്കെടുത്തത്. അഴിമതി, ദാരിദ്ര്യം എന്നിവ ഇല്ലാതാക്കാനുള്ള സർക്കാർ പദ്ധതികൾ വിജയിപ്പിക്കാനായി ഗുവാങ്സി ഭരണനേതൃത്വവും പാർടിയും നടത്തിയ പ്രവർത്തനങ്ങളെയും ഷി അനുമോദിച്ചു.