നൗകാമ്പ് > അലെക്സിയ പുറ്റെല്ലസിന്റെ മനംനിറയെ ബാഴ്സലോണയായിരുന്നു. 16–-ാംവയസ്സിൽ ബാഴ്സയുടെ യൂത്ത് അക്കാദമി താരമായി. എന്നാൽ, ഒരു വർഷത്തിനുശേഷം ബാഴ്സ ആ കൗമാരിക്കാരിയെ ഒഴിവാക്കി. ഹൃദയം തകർന്നുപോകുന്ന വേദനയായിരുന്നു അവൾക്ക്. ബാഴ്സയിൽനിന്ന് ഒഴിവാക്കപ്പെടുന്ന മറ്റെല്ലാ കളിക്കാരെയുംപോലെ പുറ്റെല്ലസ് തെരഞ്ഞെടുത്തത് എസ്പ്യാനോളിനെ. പിന്നീട് ലെവന്റെയിലേക്ക്. അവിടെ 34 കളിയിൽ 15 ഗോൾ. ആ സീസൺ അവസാനം ബാഴ്സ പുറ്റല്ലെസിനെ തേടിയെത്തി. പിന്നെ നടന്നത് ചരിത്രം.
തുടർച്ചയായ രണ്ടാംതവണയാണ് ഈ സ്പാനിഷുകാരി മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കുന്നത്. പരിക്കുകാരണം ജൂൺമുതൽ കളത്തിലില്ല ഇരുപത്തെട്ടുകാരി. കഴിഞ്ഞ സീസണിൽ അസാമാന്യ പ്രകടനമായിരുന്നു ബാഴ്സയ്ക്കുവേണ്ടി പുറത്തെടുത്തത്. ചാമ്പ്യൻസ് ലീഗ് കിരീടപ്പോരിൽ ല്യോണിനോട് ബാഴ്സ തോറ്റെങ്കിലും 11 ഗോളുമായി ടോപ് സ്കോററായി.
അഴ്സണലിന്റെ ബെത് മീഡിനെയും ചെൽസിയുടെ സാം കെറിനെയും മറികടന്നാണ് ബാലൻ ഡി ഓർ നേടിയത്. പരിക്കേൽക്കുന്നതിനുമുമ്പ് ബാഴ്സയെ സ്പാനിഷ് വനിതാ ലീഗ് ചാമ്പ്യൻമാരാക്കി. തുടർച്ചയായ മൂന്നാം കിരീടം. ഈ സീസണിൽ 30 കളിയും ബാഴ്സ ജയിച്ചിരുന്നു. സ്പാനിഷ് സൂപ്പർ കപ്പും കിങ്സും കപ്പും ജയിച്ചു. യുവേഫയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. കളിജീവിതത്തിൽ 421 മത്സരങ്ങളിൽ 187 ഗോൾ നേടി.