തൃശൂർ>
ആർഎസ്എസ് നേതൃത്വത്തിലുള്ള ബിജെപി സർക്കാർ രാജ്യത്ത് ആക്രമണങ്ങളിലൂടെയും ഭീഷണികളിലൂടെയും പൊതുജനങ്ങളെ വരുതിക്കു നിർത്തുകയാണെന്ന് ജെഎൻയു അധ്യാപിക പ്രൊഫ. നിവേദിത മേനോൻ. പ്രൊഫ. വി അരവിന്ദാഷൻ സ്മാരക പുരസ്കാര സമർപ്പണച്ചടങ്ങിൽ ‘റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പ്’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ.
ഭൂരിപക്ഷ വിഭാഗമെന്നനിലയിൽ ഹിന്ദുവിന്റെ സംരക്ഷകരെന്ന വ്യാജേനയാണ് ഹിന്ദുവർഗീയവാദികൾ രാജ്യത്ത് ബോധപൂർവമായ അക്രമങ്ങൾ നടത്തുന്നത്. പ്രധാനമായും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയും കർഷക വിരുദ്ധ ബില്ലിനെതിരെയും രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങൾക്കിടയിൽ നുഴഞ്ഞുകയറി അക്രമങ്ങൾ നടത്തിയതും ഇതേ വർഗീയവാദികളാണ്. കേരളത്തിൽ കേട്ടുകേൾവിയില്ലെങ്കിലും രാജ്യത്തിന്റെ പലയിടത്തും മുസ്ലീംവിഭാഗത്തെ ആക്രമിക്കുകയും അവരുടെ സ്വത്ത് തട്ടിയെടുക്കുകയും പലരെയും വീട്ടുതടങ്കലിൽ ആക്കുകയും ചെയ്യുന്നു. ഒരേസമയം കോർപറേറ്റുകളെ പ്രീണിപ്പിക്കുകയും വർഗീയത പടർത്തുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇത് മറികടക്കുന്നതിൽ ഇടതുപക്ഷ–- മതേതര പ്രസ്ഥാനങ്ങൾക്ക് നിർണായക പങ്കുവഹിക്കാനുണ്ടെന്നും അവർ വ്യക്തമാക്കി.
പ്രൊഫ. വി അരവിന്ദാക്ഷൻ അനുസ്മരണപരിപാടി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. പ്രൊഫ. വി അരവിന്ദാക്ഷൻ പുരസ്കാരം വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് എം എ ബേബി സമ്മാനിച്ചു.
ഇന്ത്യൻ സിനിമയിലെ ബംഗാൾ ത്രയമായ സത്യജിത് റായ്, ഋത്വിക്ക് ഘട്ടക്, മൃണാൾ സെൻ എന്നിവരുടെ സവിശേഷതകൾ സമന്വയിച്ച ചലച്ചിത്ര സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണനെന്ന് ബേബി പറഞ്ഞു. വരും നൂറ്റാണ്ടുകളുടെ കലാരൂപമായ സിനിമയെയും സാംസ്കാരിക വളർച്ചയെയും ആദരിക്കുകയാണ് അടൂരിനെ ആദരിക്കുന്നതിലൂടെ നാം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി. സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ സച്ചിദാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. പി എസ് ഇക്ബാൽ, സി ബാലചന്ദ്രൻ, ഡോ. ഐശ്വര്യ എസ് ബാബു എന്നിവർ സംസാരിച്ചു.