പുനലൂർ
നഗരസഭാ പരിധിയിലെ ഭൂരഹിത ഭവനരഹിതർക്കായുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. 44 കുടുംബങ്ങൾക്ക് ഇവിടെ താമസ സൗകര്യം ഒരുക്കും. മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള പ്ലാച്ചേരിയിലെ 50 സെന്റിലാണ് ഫ്ലാറ്റ്. ലൈഫ്മിഷൻ സംസ്ഥാനതല ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി തറക്കല്ലിട്ട് നിർമാണം ആരംഭിച്ച പദ്ധതിയാണിത്.
നാലു നിലയിലായി 6000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഓരോ കുടുംബത്തിനും ഹാൾ, കിടപ്പുമുറി, അടുക്കള, ബാൽക്കണി, ശുചിമുറി എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രീ-ഫാബ് ടെക്നോളജി ഉപയോഗിച്ച് ലൈറ്റ് ഗേജ് സ്റ്റീൽ സ്ട്രക്ചർ നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. പ്രകൃതിസൗഹൃദ നിർമാണമാണ് പ്രത്യേകത. പാറ, കട്ട, മണൽ, സിമന്റ് എന്നിവയുടെ ഉപയോഗം 20 ശതമാനം മാത്രമാണ്. സ്റ്റീൽ ചാനൽ ഉപയോഗിച്ച് സ്ട്രക്ചർ നിർമിച്ചശേഷം ഫൈബർ സിമന്റ് ബോർഡുകൾ ഉപയോഗിച്ചാണ് ചുമർ പൂർണമായും നിർമിച്ചിരിക്കുന്നത്. കൂടാതെ സോളാർ സംവിധാനം, ജനറേറ്റർ, മാലിന്യ സംസ്കരണ പ്ലാന്റ്, സീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രകൃതിക്ഷോഭത്തെ അതിജീവിക്കാൻ കഴിയുന്ന നിലയിലാണ് സാങ്കേതികവിദ്യ. കാറ്റ്, തീ, ചൂട് എന്നിവയെയും അതിജീവിക്കാൻ കഴിയും. അന്തരീക്ഷ ഊക്ഷ്മാവിൽനിന്നു 10 ഡിഗ്രി സെൽഷ്യസ് ചൂട് ഫ്ലാറ്റിനുള്ളിൽ കുറവായിരിക്കും. ഇതിനായി ഫൈബർ സിമന്റ് ബോർഡുകളുടെ ഇടയിലായി കട്ടിയുള്ള അലുമിനിയം ഫോയിലും റോക്ക് വൂളും ആണ് നിറച്ചിരിക്കുന്നത്.
ഇതിന് പുറത്തുനിന്നുള്ള ചൂടിനെയും ശബ്ദത്തെയും പ്രതിരോധിക്കാൻ കഴിയുമെന്നാണ് നിർമാണച്ചുമതലയുള്ള മിറ്റ്സുമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് അവകാശപ്പെടുന്നത്.