എടത്വ> കെഎസ്ആർടിസി വനിതാ കണ്ടക്ടറോഡ് അപമര്യാദയായി പെരുമാറിയ യുവാക്കൾ പൊലീസ് വരുന്നതറിഞ്ഞ് രക്ഷപ്പെടാൻ ചാടിയത് ചതുപ്പിൽ. ഒന്നരമണിക്കൂറിനു ശേഷം തകഴി അഗ്നിശമനസേനയും എടത്വ പോലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കെഎസ്ആർടിസി ബസിൽ തിരുവല്ലായിൽ നിന്ന് കയറിയ ഇവർ ബസ്സിൽ തുപ്പുകയും മറ്റും ചെയ്ത് മലിനമാക്കാൻ ശ്രമിക്കുന്നത് കണ്ട് വനിതാ കണ്ടക്ടർ ഇവരെ തടയാൻ ശ്രമിക്കുകയുമായിരുന്നു. കണ്ടക്ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
എടത്വ ഡിപ്പോയിൽ എത്തിയപ്പോൾ ഇവർ ഇറങ്ങാതെ ബസ് വിടത്തില്ല എന്ന് വനിതാ കണ്ടക്ടർ അറിയിച്ചതിനെ തുടർന്ന് ഡിപ്പോ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇവരെ ബസ്സിൽ നിന്ന് പിടിച്ചിറക്കുകയായിരുന്നു. ഈ സമയം ആലപ്പുഴയ്ക്ക് ബസ്സു വിടുകയും ചെയ്തു. പിടിച്ചിറക്കിയ ഡിപ്പോ ജീവനക്കാരെ അസഭ്യം പറയുകയും കുപ്പി എടുത്ത് എറുകയും ചെയ്തു. പൊലീസ് വരുന്നതറിഞ്ഞ് ഓടിയ ഇവർ എടത്വ സെന്റ് അലോഷ്യസ് കോളജിന് സമീപമുള്ള ചതുപ്പിലേക്ക് ചാടുകയുമായിരുന്നു. സ്ഥലം പരിചയമില്ലാത്ത ഇവർ ചതുപ്പിൽ ഒരു മണിക്കൂറോളം കിടന്നു.
പൊലീസും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിൽ ചതുപ്പിൽ നിന്ന് ഒരാളെ കണ്ടെത്തുകയുമായിരുന്നു. ഇതിനിടയിൽ മറുകരയിൽ എത്തിയ ഒരാൾ മറ്റൊരു ബസ്സിൽ കയറി തിരുവല്ലയ്ക്ക് പോവുകയും ചെയ്തു. ചതുപ്പിൽ പതുങ്ങിക്കിടന്ന യുവാവിനെ തകഴി ഫയർഫോഴ്സും എടത്വ പൊലീസും ചേർന്ന് അതിസാഹസികമായിട്ടാണ് കരയ്ക്ക് എത്തിച്ചത്. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്ന യുവാവ് ഒരു ശബ്ദംപോലുമുണ്ടാക്കാതെ പതുങ്ങി കടകലിനുള്ളിൽ വെള്ളത്തിൽ കിടന്നതാണ് അഗ്നിരക്ഷാസേനയേയും പോലീസിനേയും വട്ടംചുറ്റിച്ചത്.
പൊലീസ് ജെസിബി എത്തിച്ച് ആദ്യം തിരച്ചിൽ നടത്തിയെങ്കിലും ശ്രമം പരാജയപെടുകയായിരുന്നു. യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ തകഴി ഫയർ സ്റ്റേഷനിലെ ഫയർമാൻ പ്രദീപ്കുമാർ പി.കെ.യുടെ കാലിൽ സിറിഞ്ച് തറച്ചുകയറി പരിക്കേൽക്കുകയും ചെയ്തു. എടത്വ സിഐ കെ ബി ആനന്ദബാബു, എസ്ഐ സെബാസ്റ്റ്യൻ ജോസഫ്, പോലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാർ, വിജയൻ, സനീഷ്, അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരായ സുമേഷ്, മനുകുട്ടൻ, അഭിലാഷ്, രാജേഷ്, അരുൺ, അജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.















