മീനങ്ങാടി
‘ഇത് കോളനിയല്ല, ഗ്രാമമാണ്. അതിസുന്ദര പ്രകൃതി ഗ്രാമം. ഇവിടെ നിങ്ങൾ പുതിയ സ്വപ്നങ്ങൾ നെയ്യണം. ഉന്നതിയിലേക്ക് ചുവട് വെയ്ക്കണം. ഈ മനോഹര വീടുകൾ നിങ്ങൾക്കായി സമർപ്പിക്കുകയാണ്’–-മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞവസാനിപ്പിച്ച് ആദിവാസി ഭവനങ്ങളുടെ താക്കോൽ കൈമാറിയപ്പോൾ വെള്ളച്ചിയും കുഞ്ഞമ്മയും സന്തോഷാശ്രുക്കൾ പൊഴിച്ചു. സദസ്സാകെ കരഘോഷമായി. തുടിനാദവും ചീനി വിളിയും ഉയർന്നു. പ്രകൃതി ഗ്രാമത്തിൽ ഇനി ഗോത്ര കുടുംബങ്ങൾക്ക് പുതുജീവിതം.
ആദിവാസി പുനരധിവാസത്തിന്റെ ഭാഗമായി വയനാട് മീനങ്ങാടി സിസിയിൽ സർക്കാർ നിർമിച്ച 55 വീടുകളാണ് ഉത്സവാന്തരീക്ഷത്തിൽ മന്ത്രി കൈമാറിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഷെഡ്ഡുകളിലും കുടിലുകളിലും കഴിഞ്ഞിരുന്നവാണ് സ്വപ്നഭവനങ്ങളിലേക്ക് ചേക്കേറിയത്. ബീനാച്ചി–-പനമരം പാതയോട് ചേർന്ന് പ്രകൃതി ഗ്രാമം എന്നുപേരിട്ട 7.81 ഏക്കർ സ്ഥലത്താണ് ഭൂ, ഭവന രഹിത കുടുംബങ്ങൾക്ക് 10 സെന്റ് ഭൂമിയും വീടും നൽകിയത്. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും അടങ്ങിയ വീടിന്റെ നിലം ടൈൽ പാകിയതാണ്. വൈദ്യുതി, ഗ്യാസ് കണക്ഷനും സ്റ്റൗവും കുടിവെള്ളവുമുണ്ട്. വീടൊന്നിന് ആറ് ലക്ഷം വീതം 3.3 കോടി രൂപ വിനിയോഗിച്ചു. ഇരുനില നിർമിക്കാവുന്ന തറയുറപ്പുണ്ട്. ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.















