തിരുവനന്തപുരം > തെക്കൻ കേരളത്തെ അധിക്ഷേപിച്ചുള്ള കെ സുധാകരന്റെ പരാമർശത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എം പി. കോണ്‍ഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് തന്റെ കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നതാണ് ഭംഗിയെന്ന് കെ സുധാകരന്റെ പരാമര്‍ശം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് കെ സുധാകരന് തെക്ക് – വടക്ക് താരതമ്യം നടത്തിയത്. കേരളത്തിലെ തെക്ക് – വടക്ക് മേഖലയിലെ രാഷ്ട്രീയക്കാര്‍ തമ്മില്‍ എത്രത്തോളം വ്യത്യാസമുണ്ടെന്നായിരുന്നു ചോദ്യം. മറുപടിയായി രാമയണത്തിലേതെന്ന് പറയപ്പെടുന്ന ഒരു കഥ ദുർവ്യാഖ്യാനം ചെയ്യുകയാണ് സുധാകരന് ചെയ്തത്.
വടക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കന്മാരെല്ലാം നേരായ വഴിയിലൂടെ ചിന്തിക്കുന്നവരാണ്. എന്നാൽ തെക്കൻ കേരളത്തിൽ അങ്ങനെയല്ല. അതിന് ചരിത്രപരമായ ചില കാരണങ്ങളുണ്ട്. ഒരു കഥ പറയാം… രാവണനെ വധിച്ചശേഷം രാമൻ സീതയോടും ലക്ഷ്മണനോടുമൊപ്പം ലങ്കയിൽനിന്ന് പുഷ്പക വിമാനത്തിൽ തിരികെ വരികയായിരുന്നു. തെക്കൻ കേരളത്തിന് മുകളിലെത്തിയപ്പോൾ രാമനെ താഴേക്ക് തള്ളിയിട്ട് സീതയുമായി കടന്നുപോകാൻ ലക്ഷ്മണൻ ആലോചിച്ചു. എന്നാൽ തൃശ്ശൂർ ഭാഗത്ത് എത്തിയപ്പോഴേക്കും ലക്ഷ്മണന്റെ മനസ്സുമാറി. ഇത് മനസ്സിലാക്കിയ രാമൻ ലക്ഷ്ണനോട് പറഞ്ഞു “നീ ചിന്തിച്ചത് എനിക്ക് മനസ്സിലായിരുന്നു, അത് നിന്റെ കുഴപ്പമല്ല, നമ്മൾ കടന്നുവന്ന നാടിന്റെ പ്രശ്നമാണ്’ – സുധാകരൻ അഭിമുഖത്തിൽ പറയുന്നു.
സുധാകരന്റെ അധിക്ഷേപത്തിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്.
മന്ത്രി വി എൻ വാസവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
“ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍”
ഭാരതവും കേരളവും ഒരുമിച്ചു പോകണമെന്ന സന്ദേശം വള്ളത്തോളുയര്‍ത്തിക്കൊണ്ട് വന്നത് സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂറിന്റെ പടപ്പുറപ്പാടിന്റെ പശ്ചാത്തലത്തിലായിരുന്നു. സിപിയെ പൊരുതി തോൽപ്പിച്ച നാടാണിത്.
ആ കേരളത്തിലാണ് വടക്കും തെക്കും തമ്മിലുള്ള താരതമ്യം കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ നടത്തിയിരിക്കുന്നത്. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഒന്നാണിത്. കേരളത്തിലെ ഒരു സ്ഥലവും മറ്റൊരിടത്തെക്കാൾ മെച്ചമാണ് അവിടുത്തെ ജനങ്ങൾ മികവുറ്റതാണ് മറ്റേത് മോശമാണ് എന്ന് എന്ന രീതിയിൽ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അർത്ഥത്തിലാണെങ്കിലും ബഹിഷ്കരിക്കപ്പെടേണ്ട രാഷ്ട്രീയമാണ്.