ബീജിങ്
പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാനും ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാഷ്ട്രമാക്കാനും ലക്ഷ്യമിട്ടുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ ഇരുപതാം കോൺഗ്രസിന് ബീജിങ്ങിൽ ഞായറാഴ്ച തുടക്കമാകും. സമ്മേളനത്തിന്റെ എല്ലാ ഒരുക്കവും പൂർത്തിയായതായി വക്താവ് സൺ യെലി പറഞ്ഞു. പകൽ പത്തിന് ബീജിങ് ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ ആരംഭിക്കുന്ന സമ്മേളനം 22ന് സമാപിക്കും.
സമ്മേളനത്തിനു മുന്നോടിയായി ജനറൽ സെക്രട്ടറി ഷീ ജിൻപിങ്ങിന്റെ അധ്യക്ഷതയിൽ ശനിയാഴ്ച യോഗം ചേർന്നു. 22 അംഗ ക്രെഡൻഷ്യൽ കമ്മിറ്റിയെയും 243 അംഗ പ്രസീഡിയത്തെയും തെരഞ്ഞെടുത്തു. പാർടി നൂറുവർഷം പൂർത്തിയാക്കിയശേഷമുള്ള ആദ്യ പാർടി കോൺഗ്രസാണിത്. 9.6 കോടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 2926 പേരാണ് സമ്മേളന പ്രതിനിധികൾ. ഷീ ജിൻപിങ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. അച്ചടക്ക പരിശോധനയ്ക്കുള്ള കേന്ദ്ര കമീഷന്റെ പ്രവർത്തന റിപ്പോർട്ടും പാർടി ഭരണഘടനാ ഭേദഗതികളും ചർച്ച ചെയ്യും. പുതിയ കേന്ദ്ര കമ്മിറ്റിയെയും അച്ചടക്കത്തിനുള്ള കേന്ദ്ര കമീഷനെയും തെരഞ്ഞെടുക്കും.