തിരുവനന്തപുരം> അധ്യാപികയെ ബലാത്സംഗംചെയ്ത കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.
പരാതിക്കാരിയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുന്ന കേസുകളിലാണ് കുന്നപ്പിള്ളിക്കെതിരെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് 376 (2) എൻ വകുപ്പ് ചുമത്തിയത്. ചുരുങ്ങിയത് പത്തുവർഷം തടവുശിക്ഷ ലഭിക്കാം. പത്തുവർഷമായി പരിചയമുണ്ടായിരുന്ന തന്നെ എംഎൽഎ നിരവധി തവണ പീഡിപ്പിച്ചതായി യുവതി വഞ്ചിയൂർ കോടതിയിലെ മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകിയിരുന്നു.
കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് അസി. കമീഷണർ ബി അനിൽകുമാറിന്റെ നേതൃത്വത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. വിവാഹവാഗ്ദാനം നൽകി തിരുവനന്തപുരത്തെ പള്ളിയിൽ എത്തിച്ച് സ്വർണക്കുരിശു മാല ചാർത്തി. പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറിയും പലയിടങ്ങളിൽ എത്തിച്ചും എംഎൽഎ ബലാത്സംഗം ചെയ്തെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗക്കുറ്റം ചുമത്തിയത്.















