ന്യൂഡൽഹി
ബിജെപി സർക്കാരിന്റെ രൂക്ഷ വിമർശകയായ മാധ്യമപ്രവർത്തക റാണ അയ്യൂബിന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗാസിയാബാദ് കോടതിയിൽ കുറ്റപത്രം നൽകി. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓൺലൈനായി സമാഹരിച്ച തുക ക്രമവിരുദ്ധമായി വിനിയോഗിച്ചെന്ന് ആരോപിച്ച് യുപി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി അന്വേഷണം. ഹിന്ദു ഐടി സെല്ലിന്റെ പേരിൽ വികാസ് എന്നയാളാണ് പരാതി നല്കിയത്.
തന്നെ നിശ്ശബ്ദയാക്കാൻ കഴിയില്ലെന്ന് മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച സെമിനാറിൽ പങ്കെടുക്കാനായി അമേരിക്കയിലുള്ള റാണ അയ്യൂബ് പ്രതികരിച്ചു. രാജ്യത്ത് അധഃസ്ഥിത വിഭാഗങ്ങൾക്കായി പോരാട്ടം തുടരുമെന്നും സമൂഹമാധ്യമത്തിലൂടെ അവർ വ്യക്തമാക്കി. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് വെളിപ്പെടുത്തലുകളുള്ള ‘ഗുജറാത്ത് ഫയൽസ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് റാണ അയ്യൂബ്.















