തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ വകുപ്പ് നല്കിയ അനുമതി സംബന്ധിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നടത്തിയ പ്രസ്താവന തെറ്റെന്ന് രേഖകള്. മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോള് ദുബായ് സന്ദര്ശനം ഉണ്ടായിരുന്നില്ലെന്നായിരുന്നു വി മുരളീധരന്റെ പ്രസ്താവന. എന്നാല് മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ക്ലിയറന്സിനായി നല്കിയ അപേക്ഷയില് നോര്വേ, യുകെ സന്ദര്ശനം കഴിഞ്ഞ് മടങ്ങുമ്പോള് യുഎഇ സന്ദര്ശിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ അപേക്ഷയ്ക്ക് കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ക്ലിയറന്സും ലഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം 2022 ഒക്ടോബര് 4 മുതല് 12 വരെ നോര്വേ, യുകെ എന്നീ രാജ്യങ്ങള് സന്ദര്ശിക്കുന്നു എന്നും മടക്കയാത്രയില് യുഎഇയില് വ്യക്തിപരമായ സന്ദര്ശനം നടത്താന് ആഗ്രഹിക്കുന്നു എന്നും യാത്ര ക്ലിയറന്സിനായി നല്കിയ അപേക്ഷയില് വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയോടൊപ്പം ഭാര്യ, മകള്, ചെറുമകന്, പി എ എന്നിവരുമുണ്ടാകുമെന്നും ഇതില് വ്യക്തമാണ്.
ഈ വസ്തുതകള് മറച്ചുവെച്ചുകൊണ്ടാണ് തെറ്റിധാരണ പടര്ത്തുംവിധം വി മുരളീധരന് പ്രസ്താവനയിറക്കിയത്. യാത്രയെ സംശയത്തിന്റെ നിഴലിലാക്കാനുള്ള നീക്കമായിരുന്നു മന്ത്രിയുടേത്. ദുബായ് എന്ന് മുരളീധരന് പ്രത്യേകം പരാമര്ശിക്കുകയും ചെയ്തു