ന്യൂഡല്‍ഹി> ഗോവയില്‍ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാബിനില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ അടിയന്തിരമായി ഇറക്കി. ബുധനാഴ്ച രാത്രിയാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയത്.
സംഭവത്തെക്കുറിച്ച് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അന്വേഷണമാരംഭിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം എമര്‍ജന്‍സി എക്സിറ്റ് വഴി യാത്രക്കാരെ ഇറക്കി. വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ യാത്രക്കാരന്റെ കാലില്‍ ചെറിയ പോറലേറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥന് പറഞ്ഞു.
വിമാനത്തില്‍ 86 യാത്രക്കാരുണ്ടായിരുന്നുവെന്നും അടിയന്തിര ലാന്‍ഡിങ്ങിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 11 മണിയോടെ ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥന് പറഞ്ഞു. നിരന്തരമായ പ്രശ്നത്തെ തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിരീക്ഷണത്തിലാണ്.
ഒക്ടോബര്‍ 29 വരെ മൊത്തം വിമാനങ്ങളുടെ 50 ശതമാനം മാത്രമേ സര്‍വീസ് നടത്താവൂവെന്നും എയര്‍ലൈന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു.സംഭവത്തെക്കുറിച്ച് റെഗുലേറ്റര്‍ അന്വേഷിക്കുകയാണെന്ന് വ്യാഴാഴ്ച ഡിജിസിഎ ഉദ്യോഗസ്ഥന് പറഞ്ഞു. കോക്പിറ്റില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാജ്യത്തെ സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയായ സ്പൈസ് ജെറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിമാനാപകടങ്ങള്‍ കണക്കിലെടുത്ത് വിമാന കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സ്വകാര്യ വ്യക്തി ഹര്‍ജി നല്‍കിയിരുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധാനം ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹിയിലെ ഒരു അഭിഭാഷകന് ഹൈക്കോടതിയെ സമീപിച്ചത്. സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡി ജി സി എ നേരത്തെ കമ്പനിയോട് വിശദീകരണം തേടിയിരുന്നു.
സ്പൈസ് ജെറ്റ് വിമാനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതിലും വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്പൈസ് ജെറ്റിന് നല്കിയ നോട്ടീസില്‍ പറയുന്നു. 18 ദിവസത്തിനിടെ 8 സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിജിസിഎ നടപടി തുടങ്ങിയത്.