കൊച്ചി
ജീവിതസ്വപ്നങ്ങളുമായി തമിഴ്നാട്ടിലെ ധർമപുരിയിൽനിന്ന് 10 വർഷംമുമ്പാണ് ഭർത്താവ് രംഗനുമൊത്ത് പത്മ കൊച്ചിയിലെത്തിയത്. ആദ്യകാലത്ത് ഇരുവരും കെട്ടിടംപണിക്കുപോയി. ചെറിയ വരുമാനംകൊണ്ട് രണ്ട് ആൺമക്കളെയും നന്നായി പഠിപ്പിച്ചു. ഇതിനിടെ എളംകുളത്തെ കോർപറേഷൻ കോളനി, മുട്ടത്ത് ലെയ്ൻ ഉൾപ്പെടെ വിവിധസ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു.
ജോലിയില്ലാതായതോടെ രംഗൻ നാട്ടിലേക്ക് മടങ്ങി. ഇടയ്ക്ക് വരികയായിരുന്നു പതിവ്. കുറച്ചുകാലംമുമ്പാണ് പത്മ ലോട്ടറിവിൽപ്പനയിലേക്ക് ഇറങ്ങിയത്. ഏജൻസിയിൽനിന്ന് ലോട്ടറിയെടുത്ത് നടന്ന് വിൽക്കുകയായിരുന്നു പതിവ്. താമസിച്ചിരുന്നത് കടവന്ത്രയിലെ സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളിക്കടുത്ത് ഫാത്തിമ മാതാ റോഡിലെ വാടകക്കെട്ടിടത്തിലും. ലോട്ടറി വിൽപ്പനയ്ക്കിടെ ഭക്ഷണം കഴിക്കാൻ ചിറ്റൂർ റോഡിൽ കൃഷ്ണ ആശുപത്രിക്കുസമീപം മുഹമ്മദ് ഷാഫിയുടെ ഹോട്ടലിലെത്തുമായിരുന്നു. ഈ പരിചയമാണ് ഷാഫി മുതലെടുത്തത്.