അഹമ്മദാബാദ്
ദേശീയ ഗെയിംസ് അവസാനിക്കാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ തിരിച്ചുവരാൻ കേരളത്തിന്റെ അവസാനശ്രമം. രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടിയാണ് ആശ്വാസക്കുതിപ്പ്. കനോയിങ്, കയാക്കിങ് എന്നിവയിൽ സ്വർണവും പുരുഷ ഫുട്ബോളിലും വനിതാ സോഫ്റ്റ്ബോളിലും വെള്ളിയും നേടി. 21 സ്വർണവും 18 വെള്ളിയും 13 വെങ്കലവും നേടി കേരളം ആറാംസ്ഥാനത്തേക്ക് കയറി.
നിലവിലെ ജേതാക്കളായ സർവീസസ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടം ഉറപ്പിച്ചു. 56 സ്വർണവും 34 വെള്ളിയും 30 വെങ്കലവുമാണ് സർവീസസിന്റെ നേട്ടം. 38 വീതം സ്വർണവും വെള്ളിയും 62 വെങ്കലവുമായി മഹാരാഷ്ട്ര രണ്ടാമതും 34 സ്വർണവും 33 വെള്ളിയും 39 വെങ്കലവുമായി ഹരിയാന മൂന്നാമതുമാണ്.
അവസാനദിവസമായ ഇന്ന് നടക്കുന്ന വോളിബോളിൽ വനിതകൾ ഫൈനലിൽ കടന്നതോടെ മെഡലുറപ്പായി. ഗെയിംസിന്റെ സമാപനച്ചടങ്ങുകൾ വൈകിട്ട് അഞ്ചിന് സൂറത്തിൽ നടക്കും.കനോയിങ് സിംഗിൾ 200 മീറ്ററിൽ മേഘ പ്രദീപും കയാക്കിങ് സിംഗിൾ 200 മീറ്ററിൽ ജി പാർവതിയും സ്വർണം നേടി. ആലപ്പുഴ പുന്നമട സായി കേന്ദ്രത്തിലാണ് മേഘയും പാർവതിയും പരിശീലനം നടത്തുന്നത്. ആദ്യമായി ഉൾപ്പെടുത്തിയ സോഫ്റ്റ്ബോളിൽ കേരള വനിതാ ടീം വെള്ളി കരസ്ഥമാക്കി. ഫൈനലിൽ പഞ്ചാബിനോട് കീഴടങ്ങി.
വോളിബോൾ ഫൈനൽ ഇന്ന്
വോളിബോളിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾ ഫൈനലിൽ. വനിതകൾ സെമിയിൽ ഏകപക്ഷീയമായ സെറ്റുകൾക്ക് ഹിമാചൽപ്രദേശിനെ കീഴടക്കി (25-–-20, 25-–-14, 25–-19). നിലവിലെ സ്വർണമെഡൽ ജേതാക്കളാണ്. ഫൈനലിൽ ബംഗാളാണ് എതിരാളി. പുരുഷൻമാർ 25–14, 25–15, 25–21ന് ഗുജറാത്തിനെ കീഴടക്കി ഫെെനലിൽ എത്തി. സ്വർണത്തിനായി തമിഴ്നാടിനെ നേരിടും.
ഫുട്ബോളിൽ വെള്ളി
ബംഗാൾ ഗർജനത്തിൽ കേരളം വിറച്ചു. ദേശീയ ഗെയിംസ് ഫുട്ബോൾ ഫൈനലിൽ കേരള പുരുഷന്മാർക്ക് ദയനീയ തോൽവി. അഞ്ച് ഗോളിനാണ് ബംഗാളിന്റെ വിജയം. നായകൻ നരോ ഹരീഷ് ശ്രേഷ്ഠ ഹാട്രിക് നേടി. റോബി ഹൻസഡയും അമിത് ചക്രവർത്തിയും പട്ടിക പൂർത്തിയാക്കി. സന്തോഷ് ട്രോഫി ഫൈനലിലെ തോൽവിക്ക് ബംഗാൾ മധുരപ്രതികാരം ചെയ്തു. കളിയിൽ ബംഗാളിനായിരുന്നു ആധിപത്യം. കിട്ടിയ അവസരങ്ങൾ ഒന്നുപോലും മുതലാക്കാൻ കേരളത്തിനായില്ല. ക്യാപ്റ്റൻ വി മിഥുൻ നടത്തിയ രക്ഷപ്പെടുത്തലുകൾ ഇല്ലായിരുന്നെങ്കിൽ ടീമിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാകുമായിരുന്നു. സർവീസസിനാണ് വെങ്കലം.
ദേശീയ ഗെയിംസ് പുരുഷ ഫുട്ബോളിൽ ബംഗാളിനെതിരെ സിസർകട്ടിലൂടെ ഗോൾ നേടാനുള്ള കേരളത്തിന്റെ ബുജെെറിന്റെ വിഫലശ്രമം /ഫോട്ടോ: പി വി സുജിത്