തൃപ്പൂണിത്തുറ
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 42–-ാം സംസ്ഥാന സമ്മേളനത്തിന് തൃപ്പൂണിത്തുറയിൽ തുടക്കമായി. അഭിഷേകം കൺവൻഷൻ സെന്ററിൽ ആരംഭിച്ച പ്രതിനിധിസമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ രാമകൃഷ്ണൻ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി സജു കുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു. എംഎൽഎമാരായ കെ ബാബു, കെ ജെ മാക്സി, തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ സജീവ്, ജില്ലാ സെക്രട്ടറി എം ആർ രാജേഷ്, എക്സൈസ് ഉദ്യോഗസ്ഥരായ ഇ എൻ സുരേഷ്, കെ മുഹമ്മദ് ഷാഫി, എൻ അശോക് കുമാർ, പി കെ സനു, പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി സെയ്ദ് മുഹമ്മദ്, ആർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
നാല് നിർധനകുടുംബങ്ങൾക്ക് വീടുവച്ച് നൽകാൻ ഭൂമി വിട്ടുനൽകിയ റിട്ടയേർഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ വി ബേബി, സർവീസ് സംഘടനാരംഗത്ത് മികവുപുലർത്തിയ കെ രമേശ്, എം കെ ശ്രീകുമാർ,എൻ സന്തോഷ്, സിന്ധു പട്ടേരിവീട്ടിൽ, അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികൾ, നീരജ വിശ്വനാഥ്, വി എ അനീഷ് എന്നിവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി.
സാംസ്കാരികസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ രാമകൃഷ്ണൻ അധ്യക്ഷനായി. പി വി ശ്രീനിജിൻ എംഎൽഎ സംസാരിച്ചു. ‘സത്യാനന്തര കാലത്തിന്റെ കാഴ്ചയും കേൾവിയും’ എന്ന വിഷയത്തിൽ എം ജെ ശ്രീചിത്രനും ‘ദേശീയതയും ഭരണഘടനാമൂല്യങ്ങളും’ എന്ന വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടവും പ്രഭാഷണം നടത്തി. ടി സജുകുമാർ സ്വാഗതവും ഇ എസ് സത്യനാരായാണൻ നന്ദിയും പറഞ്ഞു. പ്രതിനിധിസമ്മേളനം ബുധനാഴ്ചയും തുടരും. വൈകിട്ട് സംഘടനാ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.