ന്യൂഡൽഹി> ഹിന്ദി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന ബിജെപി നീക്കത്തെ ശക്തമായി അപലപിച്ച് അഖിലേന്ത്യ കിസാൻ സഭ. അടിച്ചേൽപ്പിക്കൽ അപകടകരമാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ ദേശീയ ശിഥിലീകരണത്തിലേയ്ക്ക് നയിക്കുമെന്നും കിസാൻ സഭ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെ തകർത്ത് ആർഎസ്എസിന്റെ “ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ”, “സാംസ്കാരിക ദേശീയത” അജണ്ട നടപ്പിലാക്കാനുള്ള മോദി ഭരണത്തിന്റെ നീക്കമാണിത്.
അമിത് ഷാ അധ്യക്ഷനായ പാർലമെന്ററി ഭാഷാസമിതി നൽകിയ ശുപാർശകൾ ദേശവിരുദ്ധവും ഭരണഘടന ലംഘനവുമാണ്. നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിനും സ്വതന്ത്ര്യസമര പാരമ്പര്യത്തിനും കടകവിരുദ്ധമാണ്. മറ്റുഭാഷകളെ അവഗണിച്ച് ഹിന്ദിയെ മാത്രം പ്രോത്സാഹിപ്പിക്കുന്നത് ദേശീയ ഐക്യത്തിന്മേലുള്ള കടന്നാക്രമണമാണ്. ഹിന്ദിതര മേഖകളിലെ കർഷക കുടുംബങ്ങളിൽ നിന്നുള്ള യുവജനങ്ങൾക്ക് തീരുമാനം ദോഷം ചെയ്യും. ആർഎസ്എസിന്റെയും കൂട്ടാളികളുടെയും ഫാസിസ്റ്റ് ആക്രമണങ്ങളെ പരാജയപ്പെടുത്താൻ രാജ്യത്തെ എല്ലാ ജനാധിപത്യ ശക്തികളും ഒരുമിക്കണമെന്നും കിസാൻ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ലെ ,ജനറൽ സെക്രട്ടറി ഹന്നൻമൊള്ള എന്നിവർ ആഹ്വാനം ചെയ്തു.