നെടുമ്പാശേരി> വ്യാജ യാത്രാരേഖ തയ്യാറാക്കി ജോലിക്കായി ആളുകളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ രണ്ടുപേർകൂടി പിടിയിൽ. ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ഗോപവാരം റാം ബാബു (46), ഈസ്റ്റ് ഗോദാവരി കൊല്ലാപാളയം വെഡ്ഡി മോഹൻ റാവു (50) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ആന്ധ്ര സ്വദേശികളായ സ്ത്രീകളെ മസ്കറ്റില്‍ വീട്ടുജോലിക്കെന്നു പറഞ്ഞാണ് വിസിറ്റിങ് വിസയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംവഴി കൊണ്ടുപോകാൻ ശ്രമിച്ചത്. എയർപോർട്ടിലെ പരിശോധനയിൽ യാത്രാരേഖകൾ വ്യാജമാണെന്ന് കണ്ടെത്തിതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എജന്റുമാരെ ആന്ധ്രയിൽനിന്ന് പിടികൂടിയത്.
പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടി കെ സുധീർ, എഎസ്ഐമാരായ അബ്ദുൾ സത്താർ, ബൈജു കുര്യൻ, പ്രമോദ്, ഷിജു, സിപിഒമാരായ നവാബ്, ആന്റണി എന്നിവരാണ് കേസന്വേഷിച്ചത്.