കൊച്ചി > ഹൈക്കു കവിതകളെന്ന പേരിൽ ഭഗവൽസിങ് തന്റെ ഫേയ്സ്ബുക്ക് പേജിൽ എഴുതിയിട്ടതിനെല്ലാം ആരാധകർ ഏറെ. രണ്ടുസ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന കഴിഞ്ഞ ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലത്ത് ഭഗവൽസിങ് ഹൈക്കുകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം.
ഭഗവൽസിങ് എന്ന പേരിൽ മൂന്ന് ഫേയ്സ്ബുക്ക് പേജുകളാണുള്ളത്. ഇതിൽ ഒന്നിൽ മാത്രമാണ് ഹൈക്കു എന്നവകാശപ്പെടുന്ന കവിതകളും കുറിപ്പുകളുമുള്ളത്. ഈ പേജിൽ കഴിഞ്ഞ ഏപ്രിലിൽ പോസ്റ്റിട്ട ശേഷം നീണ്ട ഇടവേള കാണാം. അടുത്തതും അവസാനത്തേതുമായ പോസ്റ്റ് നാലുദിവസം മുമ്പാണ്. ഉലയൂതുന്നു പണിക്കത്തി, കുനിഞ്ഞ തനു എന്നാണത്. എഴുതിയിടുന്നതിന്റെ കീഴിലെല്ലാം ഹൈക്കു എന്ന് രേഖപ്പെടുത്തിയിരുന്നു. രണ്ടുവരികൾ മാത്രമുള്ള കുറിപ്പിന് കീഴിൽ നിരവധിപ്പേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. അഭിനന്ദനങ്ങളാണ് ഏറെയും. ആകർഷകമായ ഭാഷയിലാണ് നീണ്ട കുറിപ്പുകൾ.
മറ്റു രണ്ട് പ്രൊഫൈലുകളിൽ ഒന്നിൽ 2020 ലാണ് അവസാന പോസ്റ്റ്. മറ്റെതിൽ കഴിഞ്ഞ മാസവും. കവിയെന്ന നിലയിൽ അത്തരം കൂട്ടായ്മകളിൽ പേരെടുത്തയാളാണ് ഭഗവൽസിങ്. കൊച്ചിയിലെ വിവിധ വേദികളിലും സ്വന്തം കവിതകളവതരിപ്പിച്ചിട്ടുണ്ട്. ഏഴുത്തുമായി ബന്ധപ്പെട്ട നിരവധിപ്പേർ ഭഗവൽസിങിന്റെ ഫേയ്സ്ബുക്ക് ഫ്രണ്ട്സ് ആണ്.