കൊച്ചി> ഇലന്തൂരിൽ രണ്ടുസ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ മുഖ്യസൂത്രധാരനും ഗുണഭോക്താവും മുഹമ്മദ് ഷാഫി എന്ന റഷീദ്. പെരുമ്പാവൂർ സ്വദേശിയായ ഷാഫി പത്തുവർഷത്തിലേറെയായി അവിടം വിട്ടിട്ട്. ഒന്നരവർഷമായി കുടുംബസമേതം എറണാകുളം ഗാന്ധി നഗറിലാണ് താമസം. ഫെയ്സ്ബുക്കിൽ മറ്റൊരു പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ഭഗവൽസിങിനെ പരിചയപ്പെട്ട ഇയാൾ സ്വയം സിദ്ധനായി പിന്നീട് രംഗത്തുവരികയും കൊലപാതകങ്ങൾക്ക് വഴിയൊരുക്കുകയുമായിരുന്നു. അതുവഴി ലക്ഷങ്ങൾ സമ്പാദിക്കുകയുേം ചെയ്തു.
ശ്രീദേവി എന്ന പേരിലായിരുന്നു ഷാഫിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്. ഇതുപയോഗിച്ച് ഭഗവൽസിങും ഭാര്യ ലൈലയുമായി അടുത്ത ബന്ധമുണ്ടാക്കി. ഭഗവൽസിങിന്റെ താൽപ്പര്യങ്ങൾ മനസിലാക്കിയ ഷാഫി, പെരുമ്പാവൂരിൽ ഒരു സിദ്ധനുണ്ടെന്നും റഷീദ് എന്നാണ് പേരെന്നും റഷീദിലൂടെ കുടുംബത്തിന് സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും ഭഗവൽസിങിനെ വിശ്വസിപ്പിച്ചു. അത്തരത്തിൽ നേട്ടമുണ്ടാക്കിയയാളാണ് ശ്രീദേവി എന്നും വിശ്വസിപ്പിച്ചു. അതിലെ വാസ്തവമറിയാൻ ഭഗവൽസിങ് ശ്രീദേവിയുടെ അക്കൗണ്ടിലേക്ക് സന്ദേശമയച്ചു. അതിന് മറുപടി നൽകിയത് ഷാഫിയാണെന്ന് ഭഗവൽസിങ് അറിഞ്ഞില്ലെന്ന് മാത്രം. തുടർന്ന് ശ്രീദേവി എന്ന അക്കൗണ്ടിലൂടെ റഷീദ് എന്ന പേരിൽ ഷാഫി സ്വന്തം ഫോൺ നമ്പർ ഭഗവൽസിങിനു നൽകി. നരബലി നടത്തണമെന്ന് നിർദ്ദേശിച്ചതും പിന്നീട് രണ്ട് സ്ത്രീകളെ അതിനായി ഭഗവൽസിങിന് എത്തിച്ചതും ഷാഫിയാണ്. സ്ത്രീകളുടെ കൊലപാതകത്തിലും ഷാഫി പങ്കെടുത്തതായാണ് പ്രാഥമിക വിവരം.
പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് രണ്ടുതവണയായി സ്ത്രീകളെ ഇലന്തൂരിലെത്തിച്ചത്. ഇതേ കാര്യത്തിന് പത്മയെയും റോസിലിനെയും പോലെ കൂലിവേല ചെയ്തു ജീവിക്കുന്ന കൊച്ചിയിലെ മറ്റു പല സ്ത്രീകളെയും സമീപിച്ചിരുന്നു. കടുത്ത മദ്യപാനിയും മയക്കുമരുന്ന് ഇടപാടുകാരനുമാണ് ഷാഫി എന്ന് അവരിൽ ചിലർ പ്രതികരിച്ചു. മദ്യപിച്ചെത്തി നാട്ടുകാരുമായി സ്ഥിരം വഴക്കുണ്ടാക്കുന്ന ഷാഫി അടുത്തകാലത്തായി വാഹനങ്ങളും മറ്റു സൗകര്യങ്ങളുമൊക്കെ സമ്പാദിച്ചതായി ഗാന്ധിനഗറിലെ അയൽക്കാർ പറഞ്ഞു. നേരത്തെ കളമശേരിയിലെ ഒരു കൊലക്കേസിലും പ്രതിയായിട്ടുണ്ട്. കഞ്ചാവും മയക്കുമരുന്നുകളും എയത്തിച്ച് വിൽപ്പന നടത്തിയതിനും ഷാഫിക്കെതിരെ കേസുണ്ട്.