പീരുമേട് > ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയുടെ പ്രകൃതിസൗന്ദര്യം മനം കുളിർക്കെ ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി മുതൽ ഊട്ടിയിലെയും കൊടൈക്കനാലിലെയും പോലെ കുതിരസവാരിയും നടത്താം. ഏതാനും മാസങ്ങളായി പരുന്തുംപാറയിൽ കുതിരസവാരി നടത്തുകയാണ് പത്തനംതിട്ട സ്വദേശി മുഹമ്മദ് സലിം.
ഇവിടുത്തെ മലനിരകളുടെയും കുന്നിൽ ചെരുവുകളുടെയും സൗന്ദര്യവും കുളിർ കാറ്റിന്റെയും കോടമഞ്ഞിന്റെയും തലോടലും സഞ്ചാരികളുടെ മനംകവരുന്നു. മുഹമ്മദ് സലിമിന്റെ രണ്ട് കുഞ്ഞൻ പെൺകുതിരകളായ സിംബായും സിബ്രുവുമാണ് സഞ്ചാരികളെ വരവേൽക്കുന്നത്. മാസങ്ങൾക്ക് മുമ്പാണ് കുതിരകളെ പരുന്തുംപാറയിൽ എത്തിച്ചത്. നിലവിൽ നിരവധി പേർ കുതിരസവാരി ആസ്വദിക്കുന്നുണ്ട്. കുതിരവണ്ടിയിലും കുതിരപ്പുറത്തും സഞ്ചരിക്കാവുന്ന വിധത്തിലാണ് സവാരി ഒരുക്കിയിട്ടുള്ളത്. അളുകൾക്ക് സൗകര്യപ്രദമാം വിധം കുഞ്ഞൻകുതിരകളാണ് രണ്ടും.
പരുന്തുംപാറയിലെത്തി ഹൈറേഞ്ചിലെ കാലാവസ്ഥയുമായി ഇണങ്ങിയതോടെ ഇവർ കൂടുതൽ ഊർജസ്വലരായി. കുട്ടികളാണ് കുതിര സവാരി കൂടുതലായി ആവശ്യപ്പെടുന്നത്. അവധി ദിവസങ്ങളിലും അല്ലാതെയുമായി വാഗമണ്ണിലും തേക്കടിയിലും എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളമാണ് പരുന്തുംപാറ.