തിരുവനന്തപുരം > ഹിന്ദി ഭാഷ അറിയാത്തവർക്ക് കേന്ദ്ര സർക്കാർ ജോലി നൽകരുതെന്ന അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച ശുപാർശകൾ രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും ഹനിച്ച് നാനാത്വത്തിൽ ഏകത്വമെന്ന മാനവികമായ കാഴ്ച്ചപ്പാടിനെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരായി ഒക്ടോബർ 12 ന് യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
കേന്ദ്ര റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ഹിന്ദിയിൽ മാത്രമാക്കാനും ഹിന്ദി അറിയുന്നവർക്ക് മാത്രമായി കേന്ദ്ര സർക്കാർ ജോലി പരിമിതപ്പെടുത്താനും നിർദ്ദേശമുണ്ട്. കേന്ദ്ര സർക്കാർ കത്തിടപാടും ഓഫീസ് പ്രവർത്തനവും ഹിന്ദി ഭാഷയിലേക്ക് മാറ്റുകയും കേന്ദ്ര സർവ്വകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും ഹിന്ദി മീഡിയം മാത്രമാക്കുക തുടങ്ങി ഭാഷാ പരമായ വേർതിരിവ് സൃഷ്ടിക്കുന്ന 112 ശുപാർശകളാണ് സമിതി നൽകിയിരിക്കുന്നത്.