തിരുവനന്തപുരം> മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തുവന്നത് പലതവണ ഉയർത്തി പൊട്ടിപ്പൊളിഞ്ഞ ആരോപണങ്ങളുമായി. കുടുംബാംഗങ്ങളുടെ യാത്രച്ചെലവ് സർക്കാരാണ് വഹിക്കുന്നതെന്ന നുണപ്രചാരണമാണ് കെ സുധാകരൻ ഏറ്റെടുത്തത്. കുടുംബാംഗങ്ങളുടെ യാത്രച്ചെലവ് സർക്കാരല്ല വഹിക്കുന്നതെന്ന് മുഖ്യമന്ത്രിതന്നെ നിരവധി തവണ വ്യക്തമാക്കിയതാണ്. ഔദ്യോഗിക സംഘാംഗങ്ങളുടെ ചെലവു മാത്രമാണ് സർക്കാർ വഹിക്കുന്നത്.
ഭരണത്തിലിരിക്കെ അഞ്ചുവർഷം 251 വിദേശയാത്ര നടത്തിയ മുന്നണിയുടെ നേതാവാണ് ആറര വർഷത്തിൽ 87 വിദേശയാത്രമാത്രം നടത്തിയവരെ കുറ്റപ്പെടുത്തുന്നത്. യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാരുടെ 251 വിദേശയാത്രയിൽ 103ഉം ഔദ്യോഗിക യാത്രകളായിരുന്നു. തുടർന്നുവന്ന എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചുവർഷത്തിൽ 82 വിദേശയാത്ര മാത്രമാണ് നടത്തിയത്. അതിൽ 50 എണ്ണം ഔദ്യോഗികാവശ്യങ്ങൾക്കായിരുന്നു. നിയമസഭയിൽ യുഡിഎഫ് അംഗം കെ ബാബുവിനു നൽകിയ മറുപടിയിലും ഇക്കാര്യം വ്യക്തമാണ്.
രണ്ടാം പിണറായി വിജയൻ സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ ദുബായ് എക്സ്പോയ്ക്ക് പോയതു മാത്രമാണ് ഇതിനു മുമ്പുള്ള ഔദ്യോഗിക വിദേശസന്ദർശനം. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ടൂറിസം മന്ത്രിയുമാണ് എക്സ്പോയ്ക്ക് പോയത്. മുഖ്യമന്ത്രി ചികിത്സാർഥം പോയതും മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ചിഞ്ചുറാണി എന്നിവർ നടത്തിയ സ്വകാര്യയാത്രകളും മാത്രമാണ് മറ്റു വിദേശ യാത്രകൾ. ഇക്കാര്യം ബോധപൂർവം മറച്ചുവയ്ക്കുകയാണ് കെപിസിസി പ്രസിഡന്റും ഒരു വിഭാഗം മാധ്യമങ്ങളും. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കുടുംബാംഗങ്ങളും നടക്കുന്നതും മാർക്സിന്റെ ശവകുടീരം കാണാൻ പോയതുമാണ് കെപിസിസി പ്രസിഡന്റിനു ദഹിക്കാത്തത്.















