കൊച്ചി
ആധുനികനഗരം എന്നനിലയിൽ ആഗോള ബ്രാൻഡായി മാറാൻ കൊച്ചിക്ക് കഴിയണമെന്ന് കേന്ദ്രസർക്കാരിന്റെ നഗരാസൂത്രണ ഉന്നതതലസമിതി ചെയർമാൻ കേശവ് വർമ പറഞ്ഞു. സാധ്യതകൾ തിരിച്ചറിഞ്ഞ് രാജ്യാന്തരതലത്തിൽ ഇടംനേടാനുള്ള ശ്രമങ്ങൾ കൊച്ചി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ‘ബോധി 2022’ നഗരവികസന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാമ്പത്തിക ഭൂമിശാസ്ത്രം’ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഭൂമിശാസ്ത്രപരമായി കൊച്ചിയുടെ സ്ഥാനം സാമ്പത്തികസാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതരത്തിലാണ്. എന്നാൽ, ന്യൂയോർക്കുപോലെ ആ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുംവിധം സ്വയം ബ്രാൻഡായി മാറാൻ കൊച്ചിക്ക് കഴിയണം.
വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. നഗരസഭയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്തണം. നഗരത്തിലെ കനാലുകളും ജലാശയങ്ങളും പൂർണമായും വൃത്തിയാക്കണം. ദാരിദ്ര്യനിർമാർജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നഗരവൽക്കരണം വലിയ പങ്കുവഹിക്കുമെന്നും കേശവ് വർമ പറഞ്ഞു.